ബസില്‍ ബാലികയ്‌ക്ക് നേരെ ലൈംഗികാതിക്രമം; സഹയാത്രിക പകര്‍ത്തിയ ദൃശ്യങ്ങള്‍ പൊലീസിന് കൈമാറി

മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസില്‍ ബാലികയ്‌ക്ക് നേരെ ലൈംഗികാതിക്രമം. സംഭവം സഹയാത്രിക മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ പകര്‍ത്തി പൊലീസിന് കൈമാറി.

സംഭവത്തില്‍ കുട്ടിയുടെ ബന്ധുക്കള്‍ പരാതി നല്‍കാന്‍ തയ്യാറായിട്ടില്ല. എന്നാല്‍ ദൃശ്യം പരിശോധിച്ച് തുടര്‍ നടപടികളെടുക്കുമെന്ന് പൊലീസ് അറിയിച്ചു.ഇന്നലെയാണ് സംഭവം നടന്നത്. സ്വകാര്യ ബസില്‍ വച്ച് പതിനഞ്ച് വയസിന് താഴേയുള്ള പെണ്‍കുട്ടിയോട് കണ്ടക്ടര്‍ മോശമായി പെരുമാറുകയായിരുന്നു. ഇത് പലതവണ ആവര്‍ത്തിച്ചപ്പോള്‍ തൊട്ടടുത്തുണ്ടായിരുന്ന സഹയാത്രിക ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി. ശേഷം വിദേശത്തുള്ള അവരുടെ ഭര്‍ത്താവിന് ദൃശ്യങ്ങള്‍ അയച്ചുകൊടുത്തു. തുടര്‍ന്ന് ഭര്‍ത്താവ് അവിടെ നിന്ന് പൊലീസിന്റെ സൈബര്‍ സെല്ലിലേക്ക് ദൃശ്യങ്ങള്‍ കൈമാറുകയുമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുള്ളത്.

സംഭവം നടക്കുമ്പോള്‍ പെണ്‍കുട്ടിയോടൊപ്പം പ്രായമായ ഒരു സ്ത്രീയും ഉണ്ടായിരുന്നു. അവരോട് സഹയാത്രിക പരാതി നല്‍കണമെന്ന് പറഞ്ഞപ്പോള്‍ അതിന് തയ്യാറല്ല എന്നായിരുന്നു മറുപടി എന്നാണ് വിവരം. ഇതേതുടര്‍ന്നാണ് സഹയാത്രിക ദൃശ്യങ്ങള്‍ പൊലീസിന് കൈമാറിയത്. തിരൂരില്‍ നിന്നും കൂട്ടായിലേക്ക് പോകുകയായിരുന്ന ബസിലാണ് ബാലികയ്ക്ക് നേരെ അതിക്രമം നടന്നത്.

Top