ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയായ സ്ത്രീകളുടെ ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത് വിട്ട് WHO

ന്യൂയോര്‍ക്ക്: ലോകത്തെ മൂന്നിലൊന്ന് സ്ത്രീകള്‍ ലൈംഗികമായോ ശാരീരികമായോ പീഡനങ്ങള്‍ക്ക് ഇരായാകുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന (WHO). ഭര്‍ത്താവ് അല്ലെങ്കില്‍ അടുപ്പമുള്ള ഏതെങ്കിലും ഒരു വ്യക്തിയുടെ ഭാഗത്ത് നിന്നുമാണ് സ്ത്രീകള്‍ക്ക് ലൈംഗിക പീഡനം ഏല്‍ക്കേണ്ടിവരുന്നത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന രാജ്യങ്ങളിലാണ് ഇത്തരത്തിലുള്ള കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെന്നും ലോകാരോഗ്യ സംഘടന ചൊവ്വാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നുവെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

കൊവിഡ്-19 മഹാമാരി ഭീഷണിയുയ മാസങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമം വര്‍ധിച്ച തോതിലാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. 15 മുതല്‍ 49 വയസ് വരെ പ്രായമുള്ള സ്ത്രീകളില്‍ 31ശതമാനം അല്ലെങ്കില്‍ 852 മില്യണ്‍ സ്ത്രീകള്‍ ശാരീരികമോ ലൈംഗികമോ ആയ അതിക്രമങ്ങള്‍ അനുഭവിച്ചു. യൂറോപ്യന്‍ രാജ്യങ്ങളില്‍ 23 ശതമാനമാണ് ഈ കണക്ക്. പല കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുന്നതിനാല്‍ അവരുടെ കണക്കുകള്‍ ലഭ്യമാക്കാന്‍ കഴിയുന്നില്ലെന്നും അവര്‍ പറഞ്ഞു.

ചെറിയ പ്രായത്തിലാണ് പലര്‍ക്കും ലൈംഗിക പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വരുക. 15നും 19നും ഇടയില്‍ പ്രായമുള്ള നാല് കൗമാരക്കാരയ പെണ്‍കുട്ടികളില്‍ ഒരാള്‍ ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടാകും. സ്ത്രീകള്‍ക്കെത്രായ അതിക്രമങ്ങള്‍ തടയാനും ഇരയായവര്‍ക്ക് സഹായങ്ങള്‍ നല്‍കുവാനും അതാത് സര്‍ക്കാരുകള്‍ തയ്യാറാകണം. സാമ്പത്തിക അസമത്വങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കണമെന്നും ലോകാരോഗ്യ ആവശ്യപ്പെടുന്നുണ്ട്.

 

Top