വിവാദ പരമാര്‍ശം: പാണ്ഡ്യക്കും രാഹുലിനും സസ്‌പെന്‍ഷന്‍ വിധിച്ച് ബിസിസിഐ

മുംബൈ: ടെലവിഷന്‍ പരിപാടിയില്‍ ലൈംഗിക പരാമര്‍ശങ്ങള്‍ നടത്തിയ ഇന്ത്യന്‍ താരങ്ങളായ ഹര്‍ദ്ദീക് പാണ്ഡ്യയ്ക്കും കെ എല്‍ രാഹുലിനും സസ്‌പെന്‍ഷന്‍. ഇരുവര്‍ക്കുമെതിരായ ബിസിസിഐ അന്വേഷണം പൂര്‍ത്തിയാവുന്നതുവരെയാണ് സസ്‌പെന്‍ഷനെന്ന് ബിസിസിഐ ഇടക്കാല ഭരണസമിതി അധ്യക്ഷന്‍ വിനോദ് റായ് വ്യക്തമാക്കി. ഇരുവര്‍ക്കുമെതിരായ സസ്‌പെന്‍ഷന്‍ ഭരണസമിതി അംഗം ഡയാന എഡുല്‍ജിയും അംഗീകരിച്ചതോടെയാണ് അച്ചടക്ക നടപടി ബിസിസിഐ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

രണ്ട് ഏകദിനമത്സരങ്ങളില്‍ നിന്ന് ഇരുതാരങ്ങളെയും സസ്‌പെന്‍ഡ് ചെയ്യണമെന്നായിരുന്നു സമിതി ആദ്യം ശുപാര്‍ശ ചെയ്തിരുന്നത്. ബിസിസിഐയുമായി കരാറുള്ള താരങ്ങള്‍ ടിവി ഷോയില്‍ പങ്കെടുക്കുന്നതിന് മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന നിബന്ധനയുണ്ട്. പാണ്ഡ്യയും രാഹുലും ഇത്തരത്തില്‍ അനുമതി തേടിയിരുന്നോ എന്നകാര്യം ബിസിസിഐ അന്വേഷിക്കും.ഇന്ത്യഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ ആദ്യ മത്സരം ശനിയാഴ്ച തുടങ്ങാനിരിക്കെയാണ് ഇരുതാരങ്ങള്‍ക്കും കനത്ത തിരിച്ചടിയാവുന്ന തീരുമാനം ബിസിസിഐ പ്രഖ്യാപിച്ചത്.

കോഫി വിത്ത് കരണ്‍ എന്ന ടിവി ചാറ്റ് ഷോയില്‍ പാണ്ഡ്യയും രാഹുലും നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ ഇരുവര്‍ക്കും ബിസിസിഐ നേരത്തെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. സംഭവം വിവാദമായതോടെ വിവാദ പരാമര്‍ശത്തില്‍ പാണ്ഡ്യ സോഷ്യല്‍ മീഡിയയിലൂടെ മാപ്പ് പറയുകയും ചെയ്തിരുന്നു.

 

 

Top