ലൈംഗിക തൊഴില്‍ കുറ്റകരമല്ല; ഏതു തൊഴിലും സ്വീകരിക്കാനുള്ള സ്വാതന്ത്ര്യം സ്ത്രീകള്‍ക്കുണ്ട്

 

ലൈംഗിക തൊഴില്‍ കുറ്റകരമല്ലെന്നും പ്രായപൂര്‍ത്തിയായ സ്ത്രീയ്ക്ക് ഏതു ജോലിയും തെരെഞ്ഞെടുക്കാനുള്ള അവകാശമുണ്ടെന്നും ബോംബെ ഹൈക്കോടതി. ലൈംഗിക തൊഴില്‍ ചെയ്ത് ജീവിക്കുന്ന മൂന്ന് സ്ത്രീകളെ വെറുതെ വിട്ടുകൊണ്ടാണ് കോടതിയുടെ സുപ്രധാന വിലയിരുത്തല്‍.

ലൈംഗിക വൃത്തിയില്‍ ഏര്‍പ്പെടുന്നത് ക്രിമിനല്‍ കുറ്റമാക്കുന്നതിനോ ഒരു വ്യക്തി  ആ തൊഴിലില്‍ ഏര്‍പ്പെടുന്നതുകൊണ്ട് ശിക്ഷിക്കാനോ നിയമപ്രകാരം വ്യവസ്ഥയില്ല. ഒരാളെ അയാളുടെ അനുവാദമില്ലാതെ ചൂഷണം ചെയ്യുകയോ ദുരുപയോഗം ചെയ്യുകയോ പൊതുസ്ഥലങ്ങളില്‍ അത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിക്കുകയോ ചെയ്യുന്നതാണ് കുറ്റകരമെന്നും ജസ്റ്റിസ് പൃഥ്വിരാജ് ചവാന്‍ ചൂണ്ടിക്കാണിച്ചു. കൂടാതെ ഇമ്മോറല്‍ ട്രാഫിക്ക്(പ്രിവന്‍ഷന്‍) ആക്ട് 1956 ലൈംഗികവൃത്തി തടയുന്നതിനുള്ളതല്ലെന്നും കോടതി വ്യക്തമാക്കി.

മുംബൈ പൊലീസിന്റെ സോഷ്യല്‍ സര്‍വീസ് ബ്രാഞ്ച് 2019 സെപ്തംബറില്‍ മലാഡിലെ ചിന്‍ചോളി ബിന്‍ഡര്‍ പ്രദേശത്ത് നിന്ന് രക്ഷപ്പെടുത്തിയ മൂന്ന് സ്ത്രീകളെ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയിരുന്നു. തുടര്‍ന്ന് അവരെ ഒരു വനിത ഹോസ്റ്റലിലേക്ക് മാറ്റുകയും, പ്രൊബേഷന്‍ ഓഫീസറുടെ റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തു.മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ ഈ സ്ത്രീകള്‍ക്ക് താല്‍പര്യമില്ലെന്ന് കണ്ടെത്തിയതിനാല്‍ 2019 ഒക്ടോബര്‍ 19 ന് മജിസ്ട്രേറ്റ് അവരെ അമ്മമാര്‍ക്ക് കൈമാറാന്‍ വിസമ്മതിച്ചു. പകരം ഉത്തര്‍പ്രദേശിലെ വനിതാ ഹോസ്റ്റലില്‍ സ്ത്രീകളെ പാര്‍പ്പിക്കണമെന്ന് മജിസ്ട്രേറ്റ് നിര്‍ദ്ദേശിച്ചു. ഈ ഉത്തരവാണ് ഇന്നലെ ബോംബെ ഹൈക്കോടതി റദ്ദാക്കിയത്.

Top