പെണ്‍കെണി സംഘം കൊയ്തത് കോടികള്‍ ; ഹണിട്രാപ്പിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്‌

ഭോപ്പാല്‍ : മധ്യപ്രദേശിനെ പിടിച്ചു കുലുക്കിയ ഹണിട്രാപ് കേസില്‍ ഞെട്ടിപ്പിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ട്രാപിന് പിന്നില്‍ വമ്പന്‍ പണമിടപാടുകളും നടന്നിട്ടുണ്ടെന്ന് ബാങ്ക് അക്കൗണ്ട് പരിശോധനയില്‍ വ്യക്തമായെന്നു പൊലീസ് പറയുന്നു.

നിരവധി ഉന്നത ഉദ്യോഗസ്ഥരും എട്ടു മുന്‍ മന്ത്രിമാരും ആയിരത്തോളം സെക്സ് ചാറ്റുകളുടെ ക്ലിപ്പുകളും നിരവധി അശ്ലീല വിഡിയോകളും ഉള്‍പ്പെട്ട പെണ്‍കെണി വിവാദത്തിലാണ് വമ്പന്‍ പണമിടപാടുകളും പുറത്തുവരുന്നത്.

രണ്ടു സ്ത്രീകളുടെ നിയന്ത്രണത്തിലുണ്ടായിരുന്ന നാല് അക്കൗണ്ടുകളാണ് അന്വേഷണത്തിന്റെ ഭാഗമായി പരിശോധിച്ചത്. കോടിക്കണക്കിനു രൂപയുടെ ഇടപാടുകളാണ് ഈ അക്കൗണ്ടുകളിലൂടെ നടന്നിരിക്കുന്നതെന്നാണ് കണ്ടെത്തല്‍.

പത്തു വര്‍ഷത്തിലേറെയായി പെണ്‍കെണി മാഫിയ നടത്തുന്നവര്‍ ഉന്നതബന്ധം കൊണ്ട് കോടികളാണ് കമ്മിഷന്‍ ഇനത്തിലും സ്ഥലംമാറ്റം നിയമനം എന്നിവ വഴിയും കൊയ്തുകൂട്ടിയതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. സംഘത്തിലെ സ്ത്രീകള്‍ ഉപയോഗിച്ചിരുന്ന ആഡംബര കാറുകളെക്കുറിച്ചും സമ്പന്ന മേഖലകളില്‍ അവര്‍ താമസിച്ചിരുന്നതിനെക്കുറിച്ചും വിവരങ്ങള്‍ ശേഖരിക്കുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഉന്നതരെ കുടുക്കാനായി കോളേജ് വിദ്യാര്‍ത്ഥികളെയാണ് ഹണിട്രാപിന് ഉപയോഗിച്ചതെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 24 കോളേജ് പെണ്‍കുട്ടികളെയാണ് ഹണിട്രാപ്പിനായി ഉപയോഗിച്ചതെന്ന് കേസിലെ പ്രധാന പ്രതിയായ ശ്വേത ജെയിന്‍ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ മൊഴി നല്‍കി.

കോണ്‍ഗ്രസിലെയും ബിജെപിയിലെയും നേതാക്കന്മാരുമായി അടുത്ത ബന്ധമുള്ള ശ്വേതാ വിജയ്, ബര്‍ഖ സോണി ഭട്നാഗര്‍ എന്നിവരാണ് പ്രധാനപ്പെട്ട ബിസിനസ് ഇടപാടുകള്‍ നടത്തിയിരുന്നു. ലൈംഗിക തൊഴിലാളികളായി ഉപയോഗിച്ചിരുന്ന അഞ്ചു സ്ത്രീകളെയും കോളജ് വിദ്യാര്‍ഥിനികളെയും ഉപയോഗിച്ചാണ് ഇവര്‍ മുതിര്‍ന്ന നേതാക്കളെ വലയിലാക്കിയിരുന്നത്. പരിശോധനയില്‍ കണ്ടെത്തിയ ഇരുന്നൂറോളം മൊബൈല്‍ നമ്പരുകള്‍, പെണ്‍കെണിയുടെ വ്യാപ്തി മധ്യപ്രദേശില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ലെന്നാണു തെളിയിക്കുന്നതെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.

മക്കളുടെ പ്രായമുള്ള കോളേജ് വിദ്യാര്‍ത്ഥികളെയാണ് ഉന്നത ഉദ്യോഗസ്ഥരടക്കം കൈക്കൂലിയായി ആവശ്യപ്പെട്ടത്. പലരെയും ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചുമാണ് ഉദ്യോഗസ്ഥരുടെ മുറിയിലെത്തിച്ചതെന്നും ശ്വേത ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. സംഘത്തിലെ ഏറ്റവും ചെറുപ്പമായ 18കാരിയെയും ഇവര്‍ ഇത്തരത്തില്‍ കെണിയില്‍പ്പെടുത്തുകയായിരുന്നു.

സാമ്പത്തികമായി താഴ്ന്നു നില്‍ക്കുന്ന കുടുംബത്തിലെ പെണ്‍കുട്ടികളെയാണ് ഇവര്‍ ലക്ഷ്യം വെച്ചിരുന്നത്. ആഡംബര ജീവിതം വാഗ്ദാനം ചെയ്താണ് ഇവര്‍ കോളേജ് പെണ്‍കുട്ടികളെ കെണിയിലാക്കിയിരുന്നത്. ഇതിന് പുറമെ, 40 കോള്‍ ഗേളുകളെയും ഇവര്‍ ഹണിട്രാപ്പിനായി ഉപയോഗിച്ചിരുന്നു. സംസ്ഥാനത്തെ 12 ഉന്നത ഉദ്യോഗസ്ഥരും എട്ടോളം മുന്‍മന്ത്രിമാരുമടക്കം നിരവധി പേരാണ് ഹണിട്രാപ്പില്‍ കുടുങ്ങിയത്. ഏകദേശം 4000ത്തോളം അശ്ലീല വീഡിയോ ഇവരില്‍നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

Top