Sex determination test should be made compulsory, says Maneka Gandhi

ന്യൂഡല്‍ഹി: ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയത്തിനുള്ള നിരോധനം നീക്കാനാലോചിച്ച് കേന്ദ്രസര്‍ക്കാര്‍. പരിശോധന നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ ആലോചിയ്ക്കുന്നതായി കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി മേനക ഗാന്ധി പറഞ്ഞു. പെണ്‍ ഭ്രൂണഹത്യ ഒഴിവാക്കാന്‍ ലിംഗനിര്‍ണയം അനിവാര്യമാണെന്ന് മേനക അഭിപ്രായപ്പെട്ടു. ജയ്പൂരില്‍ നടന്ന ഓള്‍ ഇന്ത്യ റീജിയണല്‍ എഡിറ്റേഴ്‌സ് കോണ്‍ഫറന്‍സില്‍ സംസാരിയ്ക്കുകയായിരുന്നു മേനക

പെണ്‍ ഭ്രൂണഹത്യ ഒഴിവാക്കാന്‍ എന്ന് പറഞ്ഞാണ് ലിംഗനിര്‍ണയത്തിന് 20 വര്‍ഷത്തിലേറെയായി നിരോധനം ഏര്‍പ്പെടുത്തിയിരിയ്ക്കുന്നത്. തന്റെ അഭിപ്രായത്തില്‍ ഗര്‍ഭിണിയായ സ്ത്രീയോട് ജനിയ്ക്കാന്‍ പോകുന്ന കുട്ടി ആണോ പെണ്ണോ എന്ന് തീര്‍ച്ചയായും പറഞ്ഞിരിയ്ക്കണമെന്ന് മേനക ഗാന്ധി പറഞ്ഞു. അതേസമയം താന്‍ വ്യക്തിപരമായ അഭിപ്രായം പറഞ്ഞതാണെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും മേനക വ്യക്തമാക്കി. എന്നാല്‍ ഇത്തരമൊരു നിര്‍ദ്ദേശം കാബിനറ്റിന്റെ പരിഗണനയിലാണ്.

ലിംഗനിര്‍ണയ പരിശോധന രജിസ്റ്റര്‍ ചെയ്യണം. പരിശോധനയുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയും ഗര്‍ഭഛിദ്രം ചെയ്യാനുദ്ദേശിയ്ക്കുന്നുണ്ടെങ്കില്‍ അതിന്റെ കാരണം വ്യക്തമാക്കുകയും വേണം. ഇത് ഭ്രൂണഹത്യ തടയാന്‍ സഹായകമാവും. വീടുകളിലെ പ്രസവവും ഒഴിവാക്കപ്പെടേണ്ടതാണെന്ന് മേനക അഭിപ്രായപ്പെട്ടു.

വീടുകളിലെ പ്രസവം നവജാതശിശുക്കളെ പ്രതികൂലമായി ബാധിച്ചേക്കാം. പല ഉന്നത വ്യക്തികളും നിരോധനം മറികടന്ന് ലിംഗനിര്‍ണയം നടത്തുകയും തുടര്‍ന്ന് ഗര്‍ഭച്ഛിദ്രം ചെയ്യുകയും ചെയ്തിരുന്നു. ഇത് ബന്ധപ്പെട്ട ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കുമെതിരായ നടപടികളിലേയ്ക്കാണ് നയിച്ചത്. ഇത്തരത്തില്‍ ആളുകളെ ജയിലില്‍ ഇടേണ്ട അവസ്ഥയുണ്ടാവരുതെന്നും മേനക പറഞ്ഞു.

കാണാതാവുന്ന കുട്ടികളുടെ ചിത്രങ്ങളും തട്ടിക്കൊണ്ടുപോയവരെന്ന് സംശയിയ്ക്കുന്ന ക്രിമിനലുകളുടെ ചിത്രങ്ങളും വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിയ്ക്കുന്ന ‘ഖോയ പായ’ പദ്ധതി ഫലം കാണുന്നുണ്ടെന്ന് മേനക അവകാശപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം വച്ചത്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ മാത്രം ഇതിലൂടെ 500 കുട്ടികളെ വീണ്ടെടുക്കാന്‍ കഴിഞ്ഞതായി മേനക പറഞ്ഞു.

ലൈംഗിക പീഡനത്തിന് ഇരയാവുന്ന സ്ത്രീകള്‍ക്ക് കൗണ്‍സിലിംഗ് നല്‍കാന്‍ സെന്ററുകള്‍ തുടങ്ങുന്നതിനായി ഭൂമി നല്‍കുന്നതില്‍ സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്ത് നിന്ന് ആവശ്യമായ നടപടിയുണ്ടാകുന്നില്ലെന്ന് മേനക ഗാന്ധി വിമര്‍ശിച്ചു. കേന്ദ്രസര്‍ക്കാര്‍ ഇത്തരത്തില്‍ 660 സെന്ററുകളാണ് രാജ്യത്ത് സ്ഥാപിയ്ക്കാന്‍ നിര്‍ദ്ദേശിച്ചത്. ഓരോ സെന്ററിലും ഡോക്ടറേയും നഴിസിനേയും കൂടാതെ ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥയും അഭിഭാഷകയും ഉണ്ടാകും.

Top