സഹപാഠിയെ വിവാഹം കഴിക്കാന്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി ; ഒടുവില്‍ വഞ്ചിച്ച് യുവതി

marriage

ചണ്ഡീഗഡ്: പ്രണയിച്ച പെണ്‍കുട്ടിക്ക് വേണ്ടി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി ആണായ 21കാരനെ വിവാഹശേഷം വഞ്ചിച്ച് യുവതി. ഭാര്യയെ മാതാപിതാക്കള്‍ തടവിലാക്കിയിരിക്കുകയാണെന്ന യുവാവിന്റെ പരാതിയില്‍ പൊലീസ് അന്വേഷണം നടത്തിയപ്പോഴാണ് ഭര്‍ത്താവിനോടൊപ്പം പോകാന്‍ താല്‍പര്യമില്ലെന്ന് യുവതി വ്യക്തമാക്കിയത്.

സ്‌കൂളില്‍ പഠിക്കുന്ന സമയത്താണ് സഹപാഠിയുമായി പ്രണയത്തിലായത്. സ്വവര്‍ഗവിവാഹത്തിന് വീട്ടുകാര്‍ പിന്തുണ നല്‍കിയില്ല. പിന്നീട് വിവാഹം കഴിക്കാന്‍ ലിംഗമാറ്റശസ്ത്രക്രിയയ്ക്ക് തയ്യാറാവുകയായിരുന്നു. ഇതിനായി പലരോടായി 10ലക്ഷം രൂപ വാങ്ങി.ഒരു വര്‍ഷം മുന്‍പാണ് ഡല്‍ഹിയില്‍വച്ചു ശസ്ത്രക്രിയ നടത്തി 21 കാരിയായ യുവതി ആണായി മാറിയത്.

ഒക്ടോബറിലാണ് വിവാഹം കഴിച്ചത്. വിവാഹക്കാര്യം മാതാപിതാക്കളെ പറഞ്ഞു സമ്മതിപ്പിക്കാന്‍ പെണ്‍കുട്ടി ശ്രമിച്ചെങ്കിലും ഭര്‍ത്താവിനെ കാണാന്‍ പോലും രക്ഷിതാക്കള്‍ അനുവദിച്ചില്ലെന്നായിരുന്നു പൊലീസിന് പരാതി ലഭിച്ചത്.

പൊലീസ് കൗണ്‍സിലിങ്ങിനായി ഇരു കുടുംബങ്ങളെയും വിളിപ്പിച്ചു. എന്നാല്‍ ഭര്‍ത്താവിന്റെ കൂടെ നില്‍ക്കാന്‍ താല്‍പര്യമില്ലെന്നായിരുന്നു യുവതി പൊലീസിനോടു പറഞ്ഞത്. ഭര്‍ത്താവിന്റെ വീട്ടിലേക്കു പോകാന്‍ താല്‍പര്യമില്ലെന്ന് യുവതി വ്യക്തമാക്കിയെന്നും എസ്പി സ്മിതി ചൗധരി അറിയിച്ചു. നിയമത്തിന്റെ സഹായം തേടുമെന്ന് യുവാവ് പറഞ്ഞു.

Top