ടിവി സീരിയലില്‍ സെക്‌സും, രാഷ്ട്രീയവും വേണ്ട; സെന്‍സര്‍ഷിപ്പിന് പുതിയ മുഖവുമായി സര്‍ക്കാര്‍

ടിവി സീരിയലുകളില്‍ സെക്‌സും, രാഷ്ട്രീയവും വിലക്കി ഈജിപ്തിന്റെ പുതിയ സെന്‍സര്‍ഷിപ്പ് നിയമങ്ങള്‍. കഴിഞ്ഞ മൂന്ന് വര്‍ഷക്കാലമായി വിനോദ, വാര്‍ത്താ മേഖലയില്‍ കടുത്ത നിബന്ധനകള്‍ നടപ്പാക്കിയ പ്രസിഡന്റ് അബ്ദേല്‍ ഫതാഹ് അല്‍സിസിയാണ് പുതിയ സെന്‍സറിംഗുമായി രംഗത്ത് വരുന്നത്.

ടെലിവിഷന്‍ സീരിയലുകളില്‍ യാതൊരുവിധത്തിലുള്ള സെക്‌സ് സീനുകളും പാടില്ലെന്നതിന് പുറമെ ദൈവനിന്ദയും, രാഷ്ട്രീയവും പാടില്ലെന്നും പുതിയ നിബന്ധനകള്‍ അനുശാസിക്കുന്നു. കൂടാതെ പോലീസ്, മറ്റ് ഔദ്യോഗിക തലത്തിലുള്ളവര്‍ എന്നിവരെ നല്ല രീതിയില്‍ മാത്രമെ കാണിക്കാന്‍ പാടുള്ളെന്നും പ്രസിഡന്റ് ഉത്തരവിട്ടു. ഒരു രീതിയില്‍ ഉള്ള പരിപാടികള്‍ മാത്രം നാട്ടുകാര്‍ കണ്ടാല്‍ മതിയെന്ന നിലയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്ന് നിര്‍മ്മാതാക്കള്‍ ആശങ്കപ്പെടുന്നു.

2011 വരെ ഈജിപ്തിനെ അടിച്ചമര്‍ത്തി ഭരിച്ച ഹോസ്‌നി മുബാറകിനേക്കാള്‍ ശക്തമായാണ് സിസി പെരുമാറുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ടെലിവിഷന്‍ ചാനലുകളില്‍ അഭിമുഖങ്ങളിലും, വാര്‍ത്താ അവതാരകരും ചോദിക്കുന്ന ചോദ്യങ്ങള്‍ വരെ ഭരണകൂടും പരിശോധിക്കും. അനുവദിക്കാത്ത വിഷയങ്ങളില്‍ ചോദ്യങ്ങള്‍ ഉന്നയിച്ചാല്‍ പരിപാടിയുടെ പെര്‍മിറ്റ് റദ്ദാക്കും.

വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴി എന്തെല്ലാം വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് വരെ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. ടിവി സ്‌റ്റേഷനുകളില്‍ സെന്‍സര്‍മാരെ നിയോഗിച്ച് പുറത്തുപോകുന്ന പരിപാടികള്‍ നിരീക്ഷിക്കുന്നുമുണ്ട്. സര്‍ക്കാര്‍ അറസ്റ്റ് ചെയ്യുമെന്ന് ഭയന്നാണ് അഭിനേതാക്കള്‍ സീരിയലില്‍ അഭിനയിക്കുന്നത്.

Top