‘കഠിന കഠോരമീ അണ്ഡകടാഹം’; ബേസില്‍ നായകനാകുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് എത്തി

ഭിനേതാവ് എന്ന നിലയിൽ മലയാള സിനിമയില്‍ ബേസിലിന് മൂല്യം ഏറുകയാണ്. സംവിധായകന്‍ എന്ന നിലയില്‍ കരിയറിലെ ഏറ്റവും വലിയ വിജയമായി മിന്നല്‍ മുരളി മാറിയതിന് പിന്നാലെയാണ് ഈ നേട്ടം. നായകനായെത്തിയ മൂന്ന് ചിത്രങ്ങള്‍ തുടര്‍ച്ചയായി വിജയപ്പട്ടികയില്‍ ഇടംപിടിച്ചതോടെയാണ് ഇത്. ജാനെമന്‍, പാല്‍തു ജാന്‍വര്‍, ജയ ജയ ജയ ജയ ഹേ എന്നിവയാണ് ആ ചിത്രങ്ങള്‍. ഇപ്പോഴിതാ ബേസില്‍ നായകനാവുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. കഠിന കഠോരമീ അണ്ഡകടാഹം എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. പൃഥ്വിരാജ് ആണ് സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റര്‍ പുറത്തിറക്കിയത്.

നൈസാം സലാം പ്രൊഡക്ഷൻസിന്റെ ബാനറിൽ മുഹാഷിൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഇതുവരെ കാണാത്ത വേഷപ്പകർച്ചയിലാകും ചിത്രത്തില്‍ ബേസിൽ എത്തുക എന്നാണ് സിനിമയുടെ സംവിധായകൻ പറയുന്നത്. ഒരു ഇടവേളയ്ക്കു ശേഷം ബേസിലിന്റെ ഒരു ഫീൽ ഗുഡ് സിനിമയുടെ ദൃശ്യാനുഭം കാത്തിരിക്കുന്ന പ്രേക്ഷകരിലേക്ക് ജനുവരിയിൽ കഠിന കഠോരമി അണ്ഡകടാഹം തിയറ്ററുകളിലേക്കെത്തും. കേരളത്തിൽ രജപുത്രാ ഫിലിംസും ഓവർസീസ് പാർസ് ഫിലിംസും ചിത്രം വിതരണത്തിനെത്തിക്കുന്നു.

പുഴു, ഉണ്ട എന്നീ ചിത്രങ്ങളുടെ രചന നിർവഹിച്ച ഹർഷദ് ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും നിർവഹിക്കുന്നത്. അർജുൻ സേതു, എസ് മുണ്ടോൾ എന്നിവർ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് സോബിൻ സോമൻ ആണ്. ഗോവിന്ദ് വസന്ത സംഗീത സംവിധാനം നിർവഹിക്കുന്ന സിനിമയിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത് മു.രി, ഷറഫു എന്നിവരാണ്.

ചിത്രത്തിന്റെ എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ വിനീഷ് വർഗീസ്, ലൈൻ പ്രൊഡ്യൂസർ ഷിനാസ് അലി എന്നിവരാണ്. പ്രോജക്ട് ഡിസൈനർ ടെസ്സ് ബിജോയ്, കലാസംവിധാനം ബനിത് ബത്തേരി, പ്രൊഡക്ഷൻ കൺട്രോളർ ഹരി കാട്ടാക്കട, ചീഫ് അസോസിയേറ്റ് ഡയറക്ടർ അനീഷ് ജോർജ്, മേക്കപ്പ് സുധി സുരേന്ദ്രൻ, വസ്ത്രാലങ്കാരം അസീം അഷ്‌റഫ്, വിശാഖ് സനൽകുമാർ, ഫിനാൻസ് കൺട്രോളർ സന്തോഷ് ബാലരാമപുരം, സ്റ്റിൽസ് ഷിജിൻ പി രാജ്, പി ആർ ഓ പ്രതീഷ് ശേഖർ എന്നിവരാണ്.

Top