‘ഫോനി ചുഴലിക്കാറ്റ്’ ശക്തിയാര്‍ജിച്ച് ഒഡീഷ തീരത്തേക്ക് ; കേരളത്തില്‍ കനത്തമഴയ്ക്ക് സാധ്യത

കൊച്ചി : ഫോനി ചുഴലിക്കാറ്റ് ശക്തിയാര്‍ജിച്ച് വടക്കുപടിഞ്ഞാറന്‍ ദിശയിലേക്ക് മാറുന്നുവെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം. ഇന്ത്യന്‍ തീരത്തുനിന്ന് 950 കിലോമീറ്റര്‍ അകലെയാണ് ഫോനിയുടെ സഞ്ചാരപാത. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഫോനി ചുഴലിക്കാറ്റ് അടുത്ത 24 മണിക്കൂറില്‍ തീവ്രചുഴലിക്കാറ്റായി മാറും. അതു കഴിഞ്ഞുള്ള മണിക്കൂറുകളില്‍ അതിതീവ്രമാകുമെന്നാണ് കാലാവസ്ഥനിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.

കേരളം ചുഴലിക്കാറ്റിന്റെ പരിധിയില്‍ ഇല്ലെങ്കിലും അതിന്റെ സ്വാധീനംമൂലം സംസ്ഥാനത്ത് ചിലയിടങ്ങളില്‍ ഇന്നും നാളെയും ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്.

ഇന്നും നാളെയും തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും തെക്കുപടിഞ്ഞാറു ബംഗാള്‍ ഉള്‍ക്കടലിലും കേരള തീരത്തും മല്‍സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പുണ്ട്. എറണാകുളം, മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് പലയിടത്തും ഇന്നലെ മഴ ലഭിച്ചിരുന്നു. കൊല്ലം കൊട്ടാരക്കര അന്തമണിൽ ശക്തമായ മഴയിൽ ചുടുകട്ട കമ്പനിയുടെ മേൽക്കൂരയും ഭിത്തിയും തകർന്ന് ഒരാൾ മരിച്ചു. മണ്ണടി സ്വദേശി മുഹമ്മദ് ബിലാൽ ആണ് മരിച്ചത്. രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ അടക്കം മൂന്നു പേർക്ക് പരിക്കേറ്റു.

നിലവില്‍ ശ്രീലങ്കിലയിലെ ട്രിങ്കോമലിയില്‍ നിന്ന് കിഴക്ക് വടക്ക് കിഴക്ക് 620 കിലോമീറ്റര്‍ മാറിയാണ് ഫോണിയുടെ സ്ഥാനം. മെയ് ഒന്നാം തിയതിക്ക് ശേഷം ചുഴലിക്കാറ്റ് ഒഡീഷ്യയിലേക്ക് നീങ്ങുമെന്നാണ് കരുതുന്നത്.

Top