കെ.എസ്.ആര്‍.ടി.സി ബസും ലോറിയും ഇടിച്ച സംഭവം; മരണം 20 ആയി, കൂടുതലും മലയാളികള്‍

കോയമ്പത്തൂര്‍: ബംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വന്ന കെ.എസ്.ആര്‍.ടി.സി വോള്‍വോ ബസും കണ്ടെയ്‌നറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 20 പേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്. തമിഴ്‌നാട്ടിലെ അവിനാശിയില്‍ പുലര്‍ച്ചെ മൂന്നരയ്ക്കാണ് സംഭവം നടന്നത്.

10 പേര്‍ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചിരുന്നു. അഞ്ച് സ്ത്രീകളും 11 പുരുഷന്മാരുമാണ് മരിച്ചത്. 23 പേര്‍ക്ക് പരിക്കേറ്റുവെന്നാണ് വിവരം. മരിച്ചവരില്‍ കൃഷ് (29), ജോര്‍ദന്‍ (35), കിരണ്‍കുമാര്‍ (33),ഇഗ്‌നി റാഫേല്‍ (39), റോസ്ലി (61) എന്നിവരെ തിരിച്ചറിഞ്ഞു. ബസിലെ ഡ്രൈവറും കണ്ടക്ടറും മരിച്ചുവെന്നാണ് ലഭിക്കുന്ന വിവരം. ടി.ഡി. ഗിരീഷ്, ബൈജു എന്നിവരാണ് മരിച്ചതെന്നാണ് വിവരം. പരിക്കേറ്റവരെ അവിനാശി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പാലക്കാട്, തൃശ്ശൂര്‍, എറണാകുളം എന്നിവിടങ്ങളിലേക്ക് റിസര്‍വ് ചെയ്ത യാത്രക്കാരായിരുന്നു ബസിലുണ്ടായിരുന്നത്. ബസിലെ 38 യാത്രക്കാര്‍ എറണാകുളത്തേക്ക് ഉള്ളവരാണ്. കേരള രജിസ്‌ട്രേഷനിലുള്ള ലോറി ടൈല്‍സുമായി പോകുമ്പോഴായിരുന്നു അപകടം.

ലോറിയുടെ ടയര്‍ പൊട്ടി നിയന്ത്രണം വിട്ട് ബസിലേക്ക് ഇടിച്ചതാണ് അപകടത്തിന് കാരണം. ലോറിയിലുണ്ടായിരുന്നവര്‍ ഓടിപ്പോയി എന്നും വിവരം ലഭിക്കുന്നുണ്ട്. എറണാകുളം ഡിപ്പോയിലെ വാഹനമാണ് അപകടത്തില്‍ പെട്ടത്. 48 പേരായിരുന്നു ബസിലുണ്ടായിരുന്നത്. ബസില്‍ ഏറെയും മലയാളികളായിരുന്നു.

അപകടം നടന്നത് നഗരത്തില്‍ നിന്ന് വളരെ അകലെ ആയിരുന്നതിനാലും പുലര്‍ച്ചെയായതിനാലും രക്ഷാപ്രവര്‍ത്തനം വൈകി. ആദ്യം പ്രദേശവാസികളാണ് രക്ഷാപ്രവര്‍ത്തനത്തിനെത്തിയത്. പിന്നീട് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സംഘവും പൊലീസും സ്ഥലത്തെത്തി.

Top