പിണങ്ങി ഇറങ്ങിയ ഏഴു വയസ്സുകാരി സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണു വെട്ടിച്ച് വിമാനം കയറി

ജനീവ: ജനീവയിലുള്ള ഏഴുവയസുകാരി വീട്ടുകാരോട് പിണങ്ങി വിമാനത്തില്‍ കയറി.

വീട്ടുകാരോട് പിണങ്ങി വീട് വിട്ടിറങ്ങിയ പെണ്‍കുട്ടി റെയില്‍വെ സ്റ്റേഷനില്‍ ചെന്ന് ജനീവ എയര്‍പോര്‍ട്ടിലേക്ക് ട്രെയിന്‍ കയറുകയും, തുടര്‍ന്ന് എയര്‍പോര്‍ട്ടില്‍ ചെന്നിറങ്ങുകയുമായിരുന്നു.

എയര്‍പോര്‍ട്ടില്‍ ഇറങ്ങിയ പെണ്‍കുട്ടി സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ചാണ് വിമാനത്തില്‍ കയറിയത്.

രക്ഷിതാക്കള്‍ക്കായി കുറിപ്പ് എഴുതി വെച്ചാണ് കുട്ടി പോയത്. കുട്ടിയുടെ വീട്ടുകാര്‍ സ്വിസ് പൊലീസിനെ വിവരമറിയിച്ചിരുന്നു.

തുടര്‍ന്ന് പൊലീസ് കുട്ടിയെ പിന്തുടര്‍ന്നെങ്കിലും റെയില്‍വെ സ്റ്റേഷനില്‍ നിന്ന് പിടികൂടാന്‍ സാധിച്ചില്ല.

എയര്‍പോര്‍ട്ടിലെത്തിയ പെണ്‍കുട്ടി സെക്യൂരിറ്റിക്കാരന്റെ കണ്ണു വെട്ടിച്ച് അകത്ത് പ്രവേശിക്കുകയായിരുന്നു.

തുടര്‍ന്ന് ടിക്കറ്റില്ലാതെ വിമാനത്തില്‍ കയറുകയും ചെയ്തു.

പിന്നീട് വിമാനത്തിനുള്ളില്‍ നിന്നും കുട്ടി ഒരു ഉദ്യോഗസ്ഥന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.

പെണ്‍കുട്ടിയെ വിമാനത്താവളം അധികൃതര്‍ പൊലീസിന് കൈമാറി.

എവിടേക്ക് പോകാനുള്ളതായിരുന്നു വിമാനം എന്ന കാര്യം അധികൃതര്‍ വ്യക്തമാക്കിയില്ല.

സംഭവം സുരക്ഷാ വീഴ്ചയാണെന്നും ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പുവരുത്തുമെന്നും വിമാനത്താവളം അധികൃതര്‍ അറിയിച്ചു.

Top