Seven years after 26/11 Mumbai attacks

മുംബൈ: രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണത്തിന് ഇന്ന് ഏഴ് വയസ്. ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ രാജ്യമെങ്ങും അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. മുംബൈയില്‍ കനത്ത സുരക്ഷയരുക്കിയിരിക്കുകയാണ്.

മുംബൈയില്‍ 2008 നവംബര്‍ 26ന് ആരംഭിച്ച ഭീകരാക്രമണം മൂന്നുദിവസമാണ് രാജ്യത്തെ മുള്‍മുനയില്‍ നിര്‍ത്തിയത്. ആക്രമണത്തില്‍ 166 പേര്‍ മരിക്കുകയും മുന്നൂറിലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തീവ്രവാദികള്‍ ആസൂത്രിതമായ പത്ത് ഭീകരാക്രമണങ്ങളാണ് നടത്തിയത്. 2008 നവംബര്‍ 26ന് തുടങ്ങിയ ആക്രമണം ഏതാണ്ട് 60 മണിക്കൂറോളം പിന്നിട്ട് 29ന് ഇന്ത്യന്‍ സൈന്യം ഭീകരരെ വധിക്കുന്നതുവരെ തുടര്‍ന്നു.

22 വിദേശികളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഛത്രപതി ശിവജി ടെര്‍മിനസ് റെയില്‍വേ സ്റ്റേഷന്‍, നരിമാന്‍ പോയന്റിലെ ഒബ്‌റോയി ട്രിഡന്റ്, കൊളാബയിലെ താജ്മഹല്‍ പാലസ് എന്നീ പഞ്ചനക്ഷത്ര ഹോട്ടലുകള്‍, കൊളാബയിലെ ടൂറിസ്റ്റ് റെസ്റ്റോറന്റായ ലിയോപോള്‍ഡ് കഫേ, കാമ ഹോസ്പിറ്റല്‍, മുംബൈ ചബാദ് ഹൗസിന്റെ നിയന്ത്രണത്തിലുള്ള ഓര്‍ത്തഡോക്‌സ് ജ്യൂയിഷ് സെന്റര്‍, മെട്രോ ആഡ്‌ലാബ്‌സ് തിയേറ്റര്‍, പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് എന്നിവിടങ്ങളിലാണ് ഭീകരാക്രമണങ്ങള്‍ നടന്നത്. പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സിനടുത്ത കാമ ഹോസ്പിറ്റലില്‍ നടന്ന വെടിവെപ്പില്‍ മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡിലെ ചീഫ് ഓഫീസറടക്കം മൂന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ മരണപ്പെട്ടു.

മുംബൈ ഭീകരവിരുദ്ധ സേനാ ചീഫ് ഹേമന്ത് കര്‍ക്കരെ, അഡീഷണല്‍ കമ്മിഷണര്‍ അശോക് കാംതെ, എന്‍കൗണ്ടര്‍ സ്‌പെഷലിസ്റ്റ് വിജയ് സലസ്‌കര്‍, ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ ശശാങ്ക് ഷിന്‍ഡെ, ദേശീയ സുരക്ഷാസേന കമാന്‍ഡോ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍, ചാന്ദര്‍, ഛത്രപതി ശിവാജി ടെര്‍മിനസിലെ മൂന്ന് റെയില്‍വേ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടവരില്‍ പെടുന്നു.

ലഷ്‌കര്‍ ഭീകരന്‍ മൊഹമ്മദ് അജ്മല്‍ അമീര്‍ കസബിനെ കൈയോടെ പിടികൂടിയതോടെയാണ് മുംബൈ ഭീകരാക്രമണത്തിന് പിന്നില്‍ നടന്ന അന്താരാഷ്ട്ര ഗൂഢാലോചന പുറത്തുവന്നത്. വിചാരണയ്ക്കുശേഷം ഇയാളെ തൂക്കിക്കൊന്നു.

Top