കര്‍ഷക പ്രക്ഷോഭം ഏഴ് മാസം പിന്നിടുന്നു; സമരം കടുപ്പിക്കാന്‍ കര്‍ഷക സംഘടനകള്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കാര്‍ഷിക നിയങ്ങള്‍ക്കെതിരെയുള്ള കര്‍ഷകരുടെ പ്രക്ഷോഭം തുടങ്ങിയിട്ട് ഇന്ന് ഏഴ് മാസം. എന്നാല്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഇപ്പോഴും കേന്ദ്ര സര്‍ക്കാര്‍. നാളെ ഗവര്‍ണറുടെ വസതിയിലേക്ക് മാര്‍ച്ച് നടത്താനും രാഷ്ട്രപതിക്കുള്ള നിവേദനം ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കാനും കര്‍ഷക സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്.

കാര്‍ഷിക സമരത്തില്‍ ഇതുവരെ അഞ്ഞൂറിലധികം കര്‍ഷകരാണ് സമരത്തിനിടയില്‍ ഇതുവരെ മരണമടഞ്ഞത്. കഴിഞ്ഞ വര്‍ഷം നവംബറിലാണ് ദില്ലി അതിര്‍ത്തികളിലേക്ക് കര്‍ഷകരുടെ സമരം എത്തിയത്. ദില്ലി അതിര്‍ത്തികളില്‍ തടഞ്ഞതോടെ രണ്ട് ദിവസത്തേക്ക് പ്രഖ്യാപിച്ച ദില്ലി ചലോ പ്രക്ഷോഭം അനിശ്ചിതകാലത്തേക്കാക്കി. സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചകളെല്ലാം പരാജയപ്പെട്ടു. കൊവിഡ് രണ്ടാംതംരംഗം ഭീഷണി ഉയര്‍ത്തിയപ്പോഴും സമരഭൂമിയില്‍ തന്നെ കര്‍ഷകര്‍ തുടര്‍ന്നു. സമരം തുടര്‍ന്ന് ഏഴാം മാസം പിന്നിടുമ്പോള്‍ കാര്‍ഷിക സംഘടനകള്‍ പ്രതിഷേധം കടുപ്പിക്കും.

കൃഷിയെ രക്ഷിക്കൂ, ജനാധിപത്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് നാളത്തെ പ്രതിഷേധങ്ങള്‍. അതേസമയം പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷ ഛണ്ഡിഗഡ് പൊലീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. നാളെ രാവിലെ 10 മുതല്‍ വൈകുന്നേരം ആറുവരെ സംസ്ഥാനത്തേക്കുള്ള പ്രധാന പാതകള്‍ അടച്ചേക്കും. രണ്ടാം കൊവിഡ് തരംഗം അവസാന ഘട്ടത്തിലേക്ക് എത്തിയ സാഹചര്യത്തില്‍ സമരം കടുപ്പിക്കുകയാണ് കര്‍ഷക സംഘടനകളുടെ ലക്ഷ്യം.

Top