ദേശീയ സേവാഭാരതിയുടെ പ്രവര്‍ത്തനം പഞ്ചായത്ത് തലത്തിലേക്ക് വ്യാപിപ്പിക്കുന്നു

പാലക്കാട്: സന്നദ്ധസേവന വിഭാഗമായ ദേശീയ സേവാഭാരതിയുടെ പ്രവര്‍ത്തനം വിപുലമാക്കാനൊരുങ്ങി സംഘപരിവാര്‍. പ്രവര്‍ത്തനം പഞ്ചായത്ത് തലത്തിലേക്ക് വ്യാപിപ്പിക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി കഴിഞ്ഞദിവസം കൊച്ചിയില്‍ സമാപിച്ച സേവാഭാരതി സംസ്ഥാന പ്രതിനിധി സമ്മേളനം കര്‍മപദ്ധതി തയാറാക്കി.

ഇതര സംസ്ഥാനങ്ങളില്‍ സേവാഭാരതിയുടെ സാന്നിധ്യം ശക്തമാണെങ്കിലും കേരളത്തില്‍ സേവന-ജീവകാരുണ്യ രംഗത്ത് സംഘപരിവാര്‍ സംഘടനകളുടെ പങ്കാളിത്തം പരിമിതമാണ്. ഇത്തവണ കവളപ്പാറയിലും വയനാട് പുത്തുമലയിലും കഴിയുന്നത്ര സാന്നിധ്യമുണ്ടാക്കാനായെങ്കിലും വിദഗ്ധ പരിശീലനത്തിന്റെ അഭാവം തടസ്സമാണെന്ന വിലയിരുത്തലിലാണ് സംഘടന. ഇതിന് പരിഹാരമെന്ന നിലയിലാണ് സംഘപരിവാര്‍ പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കുന്നത്.

ഇതിന്റെ ഭാഗമായി മുഴുവന്‍ സേവനപ്രവര്‍ത്തകര്‍ക്കും വിദഗ്ധ പരിശീലനം നല്‍കും. ആലപ്പുഴയില്‍ ഉടന്‍ ദുരന്തനിവാരണ പരിശീലനകേന്ദ്രം ആരംഭിക്കും. ജലം, പരിസ്ഥിതി, ജൈവകൃഷി, ശുചീകരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനും സേവാഭാരതിക്ക് പദ്ധതിയുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പഞ്ചായത്തുതലത്തില്‍ ക്ഷേമ, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം കുറിക്കും. ഇതിനായി കഴിയുന്നത്ര സര്‍ക്കാര്‍ സഹായം ഉപയോഗപ്പെടുത്താനാണ് തീരുമാനം.

Top