ത്രില്ലടിപ്പിക്കാന്‍ സേതുരാമയ്യര്‍ വീണ്ടുമെത്തുന്നു ! അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണത്തിന് തുടക്കമായി

ലയാള സിനിമാ ലോകത്തെ ബുദ്ധിരാക്ഷസന്‍ സേതുരാമയ്യര്‍ അഞ്ചാം വരവിനൊരുങ്ങുന്നു. സിബിഐ സീരിസിലെ അഞ്ചാം ഭാഗത്തിന്റെ മമ്മൂട്ടി നായകനാകുന്ന സിബിഐ-5ന്റെ ചിത്രീകരണത്തിന് ഇന്ന് തുടക്കമായി.

കഴിഞ്ഞ നാല് ഭാഗങ്ങളുടെയും സൃഷ്ടാക്കളായ എസ്.എന്‍ സ്വാമിയുടെ തിരക്കഥയില്‍ കെ. മധു തന്നെയാണ് അഞ്ചാം ഭാഗവും സംവിധാനം ചെയ്യുന്നത്. 1988 ല്‍ പുറത്തിറങ്ങിയ സിബിഐ ഡയറിക്കുറിപ്പാണ് സിബിഐ പരമ്പരയിലെ ആദ്യ ചിത്രം. അന്ന് മമ്മൂട്ടി അവതരിപ്പിച്ച സേതുരാമയ്യര്‍ എന്ന സിബിഐ ഉദ്യോഗസ്ഥന്‍ പ്രേക്ഷകമനസില്‍ ഇടിച്ചുകയറി. അതോടെ തൊട്ടടുത്ത വര്‍ഷം തന്നെ ജാഗ്രത എന്ന പേരില്‍ പരമ്പരയിലെ രണ്ടാം ചിത്രവും വെള്ളിത്തിരയിലെത്തി. അതും തിയറ്ററില്‍ നിറഞ്ഞോടി.

പിന്നീട് 15 വര്‍ഷങ്ങള്‍ക്ക് ശേഷം 2004ലാണ് അടുത്ത ഭാഗമായ സേതുരാമയ്യര്‍ സിബിഐ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. അപ്പോഴേക്കും സിബിഐയിലെ ഓരോ കഥാപാത്രവും ചാക്കോയും, വിക്രവും എന്തിന് ഡമ്മി പോലും മലയാളിക്ക് ചിരപരിചിതമായി തീര്‍ന്നിരുന്നു. സിനിമയിലെ മമ്മൂട്ടിയുടെ മാനറിസത്തിന് വലിയ കൈയടി ലഭിച്ചു. അടുത്ത വര്‍ഷം ഇറങ്ങിയ നേരറിയാന്‍ സിബിഐ തീയറ്ററില്‍ വിജയമായിരുന്നെങ്കിലും കഴിഞ്ഞ മൂന്ന് സീരിസുകളുടെ അത്ര പ്രേക്ഷകപ്രീതി നേടാന്‍ കഴിഞ്ഞില്ല.

അടുത്ത ഭാഗത്തിന്റെ ചര്‍ച്ചകളും അഭ്യൂഹങ്ങളും അന്നുമുതലുണ്ടെങ്കിലും 13 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് അഞ്ചാം ഭാഗത്തിന്റെ ഷൂട്ടിങ് ആരംഭിച്ചിരിക്കുന്നത്. തിരുവനന്തപുരം, ഹൈദരാബാദ്, ന്യൂഡല്‍ഹി എന്നിവിടങ്ങളിലാണ് ഷൂട്ടിങ്.

ഷൂട്ടിങ് ആരംഭിച്ചെങ്കിലും നിലവില്‍ ലിജോ ജോസ് പെല്ലിശേരിയുടെ ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ഡിസംബര്‍ അഞ്ചിന് മാത്രമേ സിബിഐ ചിത്രത്തിന്റെ ഷൂട്ടിനെത്തുകയുള്ളൂ. വന്‍ താരനിര അണിനിരക്കുന്ന ചിത്രത്തില്‍ പഴയ ടീമിലുണ്ടായിരുന്ന സായികുമാറം മുകേഷമടക്കം പുതിയ താരങ്ങളായ രഞ്ജി പണിക്കര്‍, ദിലീഷ് പോത്തന്‍, രമേഷ് പിഷാരടി, മാളവിക മേനോന്‍, സൗബിന്‍, ആശ ശരത്ത് തുടങ്ങിയവരും അണിനിരക്കും. കഴിഞ്ഞ ഭാഗങ്ങളില്‍ മമ്മൂട്ടിയുടെ അസിസ്റ്റായുള്ള കഥാപാത്രത്തെ അവതരിപ്പിച്ചിരുന്ന വിക്രം എന്ന ജഗതി കഥാപാത്രം പ്രേക്ഷകര്‍ക്ക് ഇത്തവണ തീര്‍ച്ചയായും മിസ് ചെയ്യും.

Top