ക്രിമിനല്‍ക്കേസുകള്‍ മറച്ചുവെച്ച് നാമനിര്‍ദേശപത്രിക നല്‍കിയ കേസ്: ദേവേന്ദ്ര ഫഡ്നാവിസിന് തിരിച്ചടി

ന്യൂഡല്‍ഹി: 2014-ലെ തിരഞ്ഞെടുപ്പില്‍ ക്രിമിനല്‍ക്കേസുകളുടെ വിവരങ്ങള്‍ മറച്ചുവെച്ച് നാമനിര്‍ദേശപത്രിക നല്‍കിയെന്ന കേസില്‍ മഹാരാഷ്ട്രയിലെ ബി.ജെ.പി. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന് തിരിച്ചടി.ക്രിമിനല്‍ക്കേസുകളുടെ വിവരങ്ങള്‍ മറച്ചുവെച്ച് നാമനിര്‍ദേശപത്രിക നല്‍കിയെന്ന പരാതിയില്‍ ദേവേന്ദ്ര ഫഡ്നാവിസ് വിചാരണ നേരിടണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു.

ഫഡ്നാവിസിന്റെ നടപടി ജനപ്രാതിനിധ്യനിയമത്തിന്റെ ലംഘനമാണെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടെന്ന് ചൂണ്ടിക്കാണിച്ചാണ് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ദേവേന്ദ്ര ഫഡ്നാവിസിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് ക്രിമിനല്‍ക്കേസുകളുടെ വിവരങ്ങള്‍ നാമനിര്‍ദേശ പത്രികയ്ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ മറച്ചുവെച്ചത് ജനപ്രാതിനിധ്യ നിയമമനുസരിച്ച് കുറ്റകരമാണെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ സതീഷ് ഉക്കെയാണ് സുപ്രീംകോടതിയെ സമീപിച്ചത്. ദേവേന്ദ്ര ഫഡ്നാവിസിനെ വിചാരണ ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ ദീപക് ഗുപ്ത, അനിരുദ്ധ ബോസ് എന്നിവരടങ്ങിയ ബെഞ്ചാണ് ഫഡ്നാവിസിനെതിരായ ഹര്‍ജിയില്‍ വിധി പറഞ്ഞത്. നേരത്തെ ബോംബെ ഹൈക്കോടതിയിലും ഇക്കാര്യം ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചിരുന്നെങ്കിലും കോടതി തള്ളിയിരുന്നു.

Top