ആം ആദ്മിയ്ക്ക് തിരിച്ചടി; സംസ്ഥാന അധ്യക്ഷനേയും സെക്രട്ടറിയേയും മറുകണ്ടം ചാടിച്ച് ബിജെപി

ഡൽഹി: ഹിമാചൽ പ്രദേശിലെ ആം ആദ്മി സംസ്ഥാന അധ്യക്ഷനേയും സംഘടന സെക്രട്ടറിയേയും മറുകണ്ടം ചാടിച്ച് ബിജെപി. ഹിമാചൽപ്രദേശിലെ മാണ്ഡിയിൽ ജനങ്ങളെ ഇളക്കി മറിച്ചുള്ള അരവിന്ദ് കെജ്രിവാളി ന്റെ റോഡ് ഷോ കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിലാണ് ഡൽഹിയിൽ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയിൽ നിന്നും ആം ആദ്മിയുടെ സീനിയ‍ർ നേതാക്കൾ പാ‍ർട്ടി അംഗത്വം സ്വീകരിച്ചത്.

ആം ആദ്മി ഹിമാചൽ പ്രദേശ് പ്രസിഡന്റ് അനൂപ് കേസരി, സംഘടനാ ജനറൽ സെക്രട്ടറി സതീഷ് താക്കൂർ, യുഎൻഎ പ്രസിഡന്റ് ഇഖ്ബാൽ സിംഗ് എന്നിവരാണ് ഇന്ന് രാവിലെ ഡൽയിൽ വച്ച് ബിജെപിയിൽ ചേർന്നത്. മൂന്ന് നേതാക്കളേയും ജെപി നഡ്ഡയും ഹിമാചൽ പ്രദേശിൽ നിന്നുള്ള കേന്ദ്രമന്ത്രി അനുരാഗ് താക്കൂറും ചേ‍ർന്ന് സ്വീകരിച്ചു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഹിമാചലിലെ 68 സീറ്റുകളിലും മത്സരിക്കാനൊരുങ്ങുന്ന ആംആദ്മി ക്യാംപിന് അപ്രതീക്ഷിത ആഘാതമായി സംസ്ഥാന ഭാരവാഹികളുടെ കാലുമാറ്റം.

Top