കാബൂള്‍ വിമാനത്താവളത്തിലെ സര്‍വ്വീസുകള്‍ നിര്‍ത്തിവച്ചു

കാബൂള്‍: കാബൂള്‍ വിമാനത്താവളത്തിലെ എല്ലാ സര്‍വ്വീസുകളും നിര്‍ത്തിവച്ചു. അന്താരാഷ്ട്ര വിമാനസര്‍വ്വീസുകളെല്ലാം തന്നെ അഫ്ഗാനിസ്ഥാന്റെ വ്യോമമേഖല ഒഴിവാക്കുകയും ചെയ്തു. അഫ്ഗാന്റെ വ്യോമമേഖല പൂര്‍ണ്ണമായി അടച്ചതോടെ അറുപതോളം രാജ്യങ്ങളിലെ പൗരന്മാര്‍ കാബൂളില്‍ കുടുങ്ങിയിരിക്കുകയാണ്. താലിബാന്‍ പിടിച്ചെടുത്ത രാജ്യത്തുനിന്ന് രക്ഷപ്പെടാനായി ആയിരക്കണക്കിന് അഫ്ഗാന്‍കാര്‍ വിമാനങ്ങളിലേക്ക് ഇരച്ചുകയറി. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ സുരക്ഷാഭടന്മാര്‍ നടത്തിയ വെടിവെപ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു.

ഒരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒരിക്കലും പ്രതീക്ഷിക്കാനാവാത്ത ദയനീയ ദൃശ്യങ്ങളാണ് കാബൂള്‍ എയര്‍പോര്‍ട്ടില്‍ നിന്ന് പുറത്തുവരുന്നത്. രണ്ടു പതിറ്റാണ്ടു നീണ്ട അമേരിക്കന്‍ സൈനിക നടപടിക്കിടെ നൂറു കണക്കിന് അഫ്ഗാന്‍കാര്‍ അമേരിക്കയ്ക്കായി ജോലി ചെയ്തിരുന്നു. അമേരിക്കന്‍ സൈന്യത്തെ സഹായിക്കാന്‍ വിവര്‍ത്തകരായും മറ്റും ജോലി ചെയ്ത ഇവരെ രാജ്യത്തുനിന്ന് രക്ഷിക്കുമെന്ന് അമേരിക്ക പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ പ്രതീക്ഷിക്കാത്തതിലും വേഗത്തില്‍ താലിബാന്‍ കാബൂള്‍ പിടിച്ചതിടെ അമേരിക്ക വാഗ്ദാനം മറന്നു. പ്രാണഭീതിയിലായ അഫ്ഗാന്‍കാര്‍ കുടുംബസമേതം വിമാനത്താവളത്തിലേക്ക് ഒഴുകി. എല്ലാ സുരക്ഷാവലയങ്ങളും ഭേദിച്ച് ജനം ഇരച്ചെത്തിയായതോടെ അമേരിക്കന്‍ സേന ഇവര്‍ക്ക് നേരെ വെടിയുതിര്‍ത്തു. ചിലയിടങ്ങളില്‍ താലിബാനും ജനക്കൂട്ടത്തെ നേരിട്ടു. രണ്ടു പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്ക് ഏല്‍ക്കുകയും ചെയ്തു.

റണ്‍വേയില്‍ അടക്കം ജനം തമ്പടിച്ചതോടെ കാബൂള്‍ വിമാനത്താവളം പൂര്‍ണ്ണമായി അടച്ചു. എല്ലാ രാജ്യങ്ങളുടെയും വിമാനസര്‍വീസുകള്‍ അഫ്ഗാന്റെ വ്യോമമേഖല ഒഴിവാക്കി. യൂറോപ്യന്‍ രാജ്യങ്ങള്‍ അടക്കം അറുപതോളം രാഷ്ട്രങ്ങളുടെ പൗരന്മാര്‍ ഇപ്പോള്‍ കാബൂളില്‍ ഉണ്ട്. അമേരിക്ക അവരുടെ എല്ലാ ഉദ്യോഗസ്ഥരെയും ഒഴിപ്പിച്ചു കഴിഞ്ഞു. ജനങ്ങളെ സുരക്ഷിതമായി രാജ്യംവിടാന്‍ അനുവദിക്കണമെന്ന് വിവിധ രാജ്യങ്ങള്‍ താലിബാനോട് ആവശ്യപ്പെട്ടു.

വിദേശികളെ അക്രമിക്കില്ലെന്നും പ്രതികാരം ആരോടുമില്ലെന്നും താലിബാന്‍ വക്താവ് സുഹൈല്‍ ഷഹീന്‍ പറഞ്ഞു. രാജ്യത്തിന്റെ പേരുമാറ്റി ‘ഇസ്ലാമിക് എമിറേറ്റ്‌സ് ഓഫ് അഫ്ഗാനിസ്ഥാന്‍’ എന്നാക്കിയതായി താലിബാന്‍ സ്ഥിരീകരിച്ചു. അഫ്ഗാനില്‍ യുദ്ധം അവസാനിച്ചെന്ന് പ്രഖ്യാപിച്ച താലിബാന്‍ രാജ്യത്ത് ഇനി ഇസ്ലാമിക ഭരണമായിരിക്കുമെന്നും വ്യക്തമാക്കി.

 

Top