സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചു; യുഎഇ കോണ്‍സുലേറ്റ് ഗണ്‍മാന്‍ ജയഘോഷിന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് യുഎഇ കോണ്‍സുലേറ്റ് ഗണ്‍മാന്‍ ജയഘോഷിന് സസ്‌പെന്‍ഷന്‍. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറാണ് സസ്‌പെന്‍ഷന് ഉത്തരവിട്ടത്. സ്വര്‍ണക്കടത്തു കേസിനു പിന്നാലെ ജയഘോഷ് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.

യുഎഇ കോണ്‍സല്‍ ജനറലിന്റെ ഗണ്‍മാനായിരുന്ന ഇയാള്‍ കോണ്‍സുല്‍ ജനറലും അറ്റാഷെയും വിദേശത്തേക്കു പോയത് അറിയിച്ചിരുന്നില്ല എന്നതാണ് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. കൂടാതെ ജയഘോഷ് തന്റെ കൈവശം ഉണ്ടായിരുന്ന പിസ്റ്റള്‍ തിരികെ നല്‍കുന്നതിലും വീഴ്ച വരുത്തി.

ഇവ രണ്ടും സര്‍വീസ് ചട്ടങ്ങള്‍ ലംഘനമാണെന്നു വകുപ്പുതല അന്വേഷണത്തില്‍ കണ്ടെത്തി. വധഭീഷണി ഉണ്ടെന്ന ജയഘോഷിന്റെ മൊഴി കെട്ടിച്ചമച്ചതാണെന്നും പൊലീസ് പറയുന്നു. ഈ മൂന്നു കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജയഘോഷിനെ സസ്‌പെന്‍ഡ് ചെയ്തത്. വകുപ്പുതല അന്വേഷണത്തിന് തിരുവനന്തപുരം സിറ്റി കണ്‍ട്രോള്‍ റൂം ഡിവൈഎസ്പിയെ ചുമതലപ്പെടുത്തി.

കോണ്‍സുലേറ്റ് ജനറലിന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന എആര്‍ ക്യാംപിലെ പൊലീസുകാരന്‍ എസ്.ആര്‍ ജയഘോഷിന്റെ സേവന കാലാവധി നീട്ടി നല്‍കിയതില്‍ അസ്വഭാവികയുണ്ടെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ജനുവരി എട്ടാം തീയതിയാണ് ജയഘോഷിന്റെ സേവനം നീട്ടിനല്‍കി ഡിജിപി ഉത്തരവിറക്കിയത്.

2019 ഡിസംബര്‍ 18ന് കോണ്‍സുലേറ്റ് ജനറല്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. 2017 ജൂണ്‍ 27നും 2018 ജൂലൈ 7നും 2019 ജനുവരി നാലിനും ജയഘോഷിന്റെ സേവനം ഡിജിപി നീട്ടിനല്‍കിയിരുന്നു.

Top