service bank issue-vm sudheeran against ramesh chennithala

തിരുവനന്തപുരം: സഹകരണ മേഖലയെ തകര്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശ്രമത്തിനെതിരെ സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് യോജിച്ച സമരം നടത്തുമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നിലപാടിനെ കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍ തള്ളി.

സംയുക്ത സമരം നടത്താന്‍ യു.ഡി.എഫ് യോഗം തീരുമാനിച്ചിട്ടില്ലെന്നും കേന്ദ്രത്തെ പ്രശ്‌നങ്ങള്‍ ധരിപ്പിക്കാന്‍ സര്‍വകക്ഷി സംഘത്തെ ഡല്‍ഹിയിലേക്ക് അയയ്ക്കാനാണ് തീരുമാനമെന്നും സുധീരന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കേരളത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്രം തള്ളിയാല്‍ എന്തുവേണമെന്ന് പിന്നീട് തീരുമാനിക്കും. യോജിച്ച് സമരം നടത്താന്‍ തീരുമാനിച്ചു എന്ന തെറ്റായ വിവരം പുറത്ത് വന്നതിന്റെ കാരണം ചെന്നിത്തലയോട് തന്നെ ചോദിക്കണമെന്നും സുധീരന്‍ ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

യോഗത്തില്‍ ആരും ആരുടേയും നിലപാടുകള്‍ തള്ളിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സഹകരണ മേഖലയെ രക്ഷിക്കാന്‍ സര്‍ക്കാരുമായി ചേര്‍ന്ന് സമരം നടത്താനാണ് തീരുമാനമെന്ന് നേരത്തെ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.

സഹകരണമേഖലയിലെ പ്രതിസന്ധിയ്‌ക്കെതിരെ സംയുക്തസമരം പ്രഖ്യപിക്കുന്നതിന് മുമ്പ് ഹൈപവര്‍ കമ്മിറ്റി ചേരണമായിരുന്നെന്നും, ഹൈപവര്‍ കമ്മിറ്റി ചേര്‍ന്ന് തീരുമാനങ്ങള്‍ എടുത്തിരുന്നെങ്കില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടാവില്ലായിരുന്നെന്നും കെ മുരളീധരന്‍ എം.എല്‍.എ പറഞ്ഞു.

മാധ്യമങ്ങളില്‍ നിന്നും വിവരങ്ങള്‍ അറിയുന്ന സാഹചര്യം ഉണ്ടാവാന്‍ പാടില്ലന്നും അദ്ദേഹം പറഞ്ഞു.

Top