service bank issue-udf-ldf-strike

തിരുവനന്തപുരം: സഹകരണമേഖലയിലെ പ്രതിസന്ധിയ്‌ക്കെതിരെ എല്‍.ഡി.എഫുമായി ചേര്‍ന്ന് സംയുക്തപ്രക്ഷോഭത്തിന് യുഡിഎഫ് തയ്യാറാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.

സമരത്തില്‍ സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്നും ചെന്നിത്തല പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട സര്‍വകക്ഷി യോഗത്തിന് മുന്നോടിയായി നടന്ന യു.ഡി.എഫ് യോഗ തീരുമാനം വിശദീകരിച്ചുകൊണ്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല.

അഞ്ച് തീരുമാനങ്ങളാണ് മുന്നണിയോഗം കൈകൊണ്ടത്. സഹകരണ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ചൊവ്വാഴ്ച തുടങ്ങുന്ന പ്രത്യേക നിയമസഭ സമ്മേളനത്തില്‍ ഐക്യകണ്‌ഠേന പ്രമേയം പാസാക്കാന്‍ പിന്തുണയ്ക്കും.

സര്‍വകക്ഷി സംഘത്തോടൊപ്പം കേന്ദ്ര സര്‍ക്കാരിന്റെ കണ്ട് കേരളത്തിന്റെ പ്രശ്‌നങ്ങള്‍ അറിയിക്കും. കേന്ദ്ര സര്‍ക്കാരിനെ കണ്ട ശേഷവും സംസ്ഥാനത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നില്ലെങ്കില്‍ യോജിച്ച് ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകാനും യോഗം തീരുമാനിച്ചു.

രാജ്യത്തെ 130 കോടി ജനങ്ങളെ ക്യൂ നിര്‍ത്തിയ സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. രാജ്യത്ത് അരാജകത്വം ഉണ്ടാകുമോ എന്ന് സുപ്രീം കോടതി പോലും സംശയം ഉന്നയിച്ചു.

കേരളത്തിലെ ഗ്രാമീണ മേഖല പൂര്‍ണമായും സഹകരണ മേഖലയെ ആശ്രയിച്ചാണ് മുന്നോട്ടുപോകുന്നത്. അതിനാല്‍ ഈ മേഖലയിലെ പ്രതിസന്ധി കേന്ദ്ര സര്‍ക്കാര്‍ എത്രയും പെട്ടെന്ന് പരിഹരിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

യോജിച്ച പ്രക്ഷോഭം വേണ്ടെന്നായിരുന്നു സുധീരന്റെ നിലപാട്. സഹകരണ ബാങ്ക് വിഷയത്തില്‍ സംയുക്തസമരത്തിനില്ലെന്നും സംയുക്ത സമരമെന്നാല്‍ സിപിഐഎമ്മുമായി ചേര്‍ന്ന സമരമെന്ന് അര്‍ത്ഥമില്ലെന്നും വി.എം.സുധീരന്‍ വ്യക്തമാക്കിയിരുന്നു.

ബാങ്ക് ഭരണസമിതികളെ അട്ടിമറിക്കാന്‍ സിപിഐഎം ശ്രമിക്കുന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷി സംഘം ഡല്‍ഹിയില്‍ പോകണമെന്നും സുധീരന്‍ അഭിപ്രായപ്പെട്ടിരുന്നു.

ഭരണമില്ലാത്തിടങ്ങളില്‍ സിപിഐഎം സ്വീകരിക്കുന്നത് ബിജെപി ശൈലിയാണ്. ബിജെപിയുടെ ശൈലി അനുകരിക്കുന്നത് സിപിഐഎം തിരുത്തണം. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ സര്‍വകക്ഷിസംഘം ഡല്‍ഹിയില്‍ പോയി ചര്‍ച്ച നടത്തണമെന്നും സുധീരന്‍ ആവശ്യപ്പെട്ടിരുന്നു.

യുഡിഎഫിനെ ഒരുമിച്ചു നിര്‍ത്തി സ്വന്തം നിലയ്ക്ക് കോണ്‍ഗ്രസ് സമരം ചെയ്യണമെന്നാണ് സുധീരന്റെ നിലപാട്.

Top