service bank issue-pinaray vijayan

തിരുവനന്തപുരം: ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടാല്‍ സഹകരണ ബാങ്കുകളിലെ നിക്ഷേപത്തിന്റെ കണക്കുകള്‍ നല്‍കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

സഹകരണ ബാങ്കുകളുടെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ല, റിസര്‍വ് ബാങ്കിന്റെ വ്യവസ്ഥകള്‍ പ്രകാരമാണ് സഹകരണ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു.

സഹകരണ മേഖലയിലെ പ്രതിസന്ധികള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ വിളിച്ച് ചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സഹകരണ മേഖലയിലെ പ്രതിസന്ധി കേന്ദ്രസര്‍ക്കാരിനെ ബോധ്യപ്പെടുത്തുന്നതിന് സര്‍വകക്ഷി നിവേദകസംഘത്തെ ഡല്‍ഹിയിലേക്ക് അയക്കും.

തിയതിയും ആരെല്ലാമാണ് പോകുന്നത് എന്ന കാര്യവും ചൊവ്വാഴ്ച തീരുമാനിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയെയും കാണാനും തീരുമാനമായി.

എന്നാല്‍, സംസ്ഥാനത്തിന്റെ നീക്കത്തെ ബിജെപി എതിര്‍ത്തു. ഇടതുപക്ഷവും വലതുപക്ഷവും കള്ളപ്പണ മുന്നണികളെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആരോപിച്ചു.

റിസര്‍വ് ബാങ്ക് നിയന്ത്രണം അംഗീകരിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. ബിജെപി നേതാക്കളുടെ പ്രത്യേക സംഘവും ഡല്‍ഹിക്ക് പോകാന്‍ തീരുമാനിച്ചു.

കേരളത്തിലെ സഹകരണ മേഖലയെ ഇല്ലാതാക്കാനുള്ള ഒരു നീക്കത്തെയും അംഗീകരിക്കില്ലെന്ന് യോഗത്തിനു ശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

നിയമസഭയില്‍ ബിജെപി ഒഴികെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒരുമിച്ച് നില്‍ക്കാന്‍ തീരുമാനിച്ചു. ആര്‍ബിഐയുടെ നിയന്ത്രണങ്ങള്‍ വേണമെന്ന കാര്യത്തെ എല്ലാ സര്‍ക്കാരുകളും എതിര്‍ത്തിരുന്നു. ബിജെപി നിലപാട് ദൗര്‍ഭാഗ്യകരമാണ്– ചെന്നിത്തല വ്യക്തമാക്കി.

Top