സിറം ‘കോവോവാക്‌സി’ന്‌ അടിയന്തര ഉപയോഗത്തിന് അനുമതി നൽകി ലോകാരോഗ്യ സംഘടന

ജനീവ: ഇന്ത്യന്‍ നിര്‍മിത കോവിഡ് വാക്‌സിനായ കോവോവാക്‌സ് വാക്‌സിന്‌  അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയതായി ലോകാരോഗ്യ സംഘടന. യുഎസ് ആസ്ഥാനമായുള്ള നോവാവാക്സുമായി കൈകോര്‍ത്ത് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിര്‍മ്മിക്കുന്ന വാക്‌സിനാണ് കോവോവാക്‌സ്‌. താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളില്‍ കൂടുതല്‍ ആളുകള്‍ക്ക് വാക്സിനേഷന്‍ നല്‍കാനുള്ള നിരന്തരമായ ശ്രമങ്ങള്‍ക്ക് ഇത് ആവശ്യമായ ഉത്തേജനം നല്‍കുമെന്ന് ലോകാരോഗ്യ സംഘടന പ്രസ്താവനയില്‍ പറഞ്ഞു.

പുതിയ വകഭേദങ്ങള്‍ വരുന്നുണ്ടെങ്കിലും കോവിഡ് കാരണമുള്ള ഗുരുതരമായ രോഗങ്ങളില്‍ നിന്നും മരണത്തില്‍ നിന്നും ആളുകളെ സംരക്ഷിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ ഉപകരണങ്ങളിലൊന്നാണ് വാക്‌സിനുകളെന്നും ലോകാരോഗ്യ സംഘടന പറയുന്നു.

താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളില്‍ വാക്‌സിനേഷന്‍ വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടാണ് കോവോവാക്‌സ് വാക്‌സിന്‌ അനുമതി നല്‍കിയിരിക്കുന്നത്. അത്തരത്തില്‍ 41 രാജ്യങ്ങളില്‍ ഇപ്പോഴും അവരുടെ ജനസംഖ്യയുടെ 10 ശതമാനത്തിനുപോലും വാക്‌സിനേഷന്‍ നല്‍കാന്‍ കഴിഞ്ഞിട്ടില്ല. 98-ഓളം രാജ്യങ്ങള്‍ക്ക് അവരുടെ ജനസംഖ്യയുടെ 40 ശതമാനം ആള്‍ക്കാര്‍ക്ക് പോലും വാക്‌സിന്‍ നല്‍കാനായിട്ടില്ലെന്നും ലോകാരോഗ്യ സംഘടന പ്രസ്താവനയില്‍ അറിയിച്ചു.

Top