ജീവന്‍ കൊണ്ടു പന്താടുന്ന ആശുപത്രികള്‍ . . മുരുകന്‍ സംഭവത്തിലും . . പാഠം പഠിച്ചില്ല !

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് അധികതരുടെ ക്രൂരത വീണ്ടും . .

വെന്റിലേറ്റര്‍ സൗകര്യം നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് തമിഴ്‌നാട് സ്വദേശി മുരുകന്റെ ജീവന്‍ നഷ്ടപ്പെട്ടിട്ടും പാഠം പഠിക്കാത്ത ആശുപത്രി അധികൃതര്‍ വാഹന അപകടത്തില്‍ ഗുരുതരമായി പരിക്കുപറ്റിയ 13 കാരനോടാണ് സമാനമായ രീതിയില്‍ പെരുമാറിയത്.

കൊല്ലം പന്മന സ്വദേശി അമീന്‍ ഷാക്കാണ് ഈ ദുരനുഭവം നേരിടേണ്ടി വന്നത്.

ആശുപത്രി അധികൃതരെ മുന്‍കൂട്ടി വിവരമറിയിച്ചിട്ടാണ് ഐ.സി.യു ആംബുലന്‍സില്‍ മെഡിക്കല്‍ കോളജില്‍ കൊണ്ടു വന്നിരുന്നത്.

എന്നാല്‍ മണിക്കൂറുകള്‍ക്ക് മുന്‍പ് വിവരം ലഭിച്ചിട്ടും വെന്റിലേറ്റര്‍ നല്‍കാന്‍ ആശുപത്രിയിലെ ബന്ധപ്പെട്ടവര്‍ തയ്യാറായില്ല.

ഇതുമൂലം പുറത്ത് ആംബുലന്‍സില്‍ രണ്ടു മണിക്കൂറോളം നേരമാണ് അമീന്‍ഷാക്ക് കിടക്കേണ്ടി വന്നത്.

കുട്ടിയുടെ നില അത്യാസന്നമായതോടെ നഗരത്തിലെ മറ്റേതെങ്കിലും ആശുപത്രിയിലേക്ക് പോകാന്‍ തയ്യാറെടുക്കുന്നതിനിടെ ഭവിഷ്യത്ത് മനസിലാക്കിയ അധികൃതര്‍ ഒടുവില്‍ സര്‍ജറി ഐ.സി.യുവിലെ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

വാഹന അപകടത്തില്‍പ്പെട്ടെത്തുന്നവര്‍ക്ക് ആദ്യ 48 മണിക്കൂര്‍ സൗജന്യ ചികിത്സ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ബൃഹത്ത് പദ്ധതി നടപ്പാക്കാന്‍ ശ്രമിക്കുമ്പോഴാണ് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ എത്തുന്നവരോടുള്ള അവഗണന.

വീടിന് സമീപം ബന്ധുവായ യുവാവിനൊപ്പം ബൈക്കില്‍ യാത്ര ചെയ്യുമ്പോഴാണ് അമീന്‍ഷായ്ക്ക് അപകടം സംഭവിച്ചത്. ബൈക്കോടിച്ചിരുന്ന ബന്ധുവിനും ഗുരുതരമായി പരിക്കേറ്റിരുന്നു. ഇയാളെ നേരത്തെതന്നെ മെഡിക്കല്‍കോളേജ് ആശുപത്രിയിലെത്തിച്ചു.

ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അമീന്‍ഷായുടെ നില അതീവ ഗുരുതരമായതോടെയാണ് വെന്റിലേറ്റര്‍ സൗകര്യമുള്ള ആംബുലന്‍സില്‍ മെഡിക്കല്‍കോളേജില്‍ എത്തിച്ചത്. വെള്ളിയാഴ്ച രാത്രി 8.30 ഓടെ എത്തി. വിവരം അധികൃതരെ അറിയിച്ചെങ്കിലും 10.30 വരെ ആശുപത്രിയിലെ വെന്റിലേറ്ററിലേക്ക് മാറ്റാനുള്ള നടപടിയൊന്നുമുണ്ടായില്ല.

അതേസമയം മുന്‍കൂട്ടി അറിയിക്കാതെ രോഗിയെ കൊണ്ട് വന്നതിനാലാണ് ക്രമീകരണങ്ങള്‍ ഒരുക്കാന്‍ താമസം നേരിട്ടതെന്ന് മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. ശര്‍മ്മദ് പറഞ്ഞു. രാത്രി വൈകി എത്തിയ മറ്റ് രണ്ട് രോഗികള്‍ക്കും വെന്റിലേറ്റര്‍ സൗകര്യം ഒരുക്കിയതായും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.

Top