സീറോ മലബാര്‍ ഭൂമി ഇടപാട് ; കര്‍ദ്ദിനാളിനെതിരെയെടുത്ത കേസിന് സ്റ്റേ

alanchery

കൊച്ചി : എറണാകുളം – അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് സീറോമലബാര്‍ സഭാ തലവന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയെ പ്രതി ചേര്‍ത്ത് തയാറാക്കിയ എഫ് ഐ ആര്‍ എറണാകുളം ജില്ലാ കോടതി സ്റ്റേ ചെയ്തു. തുടര്‍ വാദത്തിനായി ഹര്‍ജി അടുത്ത മാസം പതിനെട്ടിലേക്ക് മാറ്റി.

എറണാകുളം-അങ്കമാലി അതിരൂപത നടത്തിയ വിവാദ ഭൂമി കച്ചവടത്തില്‍ സഭാംഗമായ ജോഷി വര്‍ഗീസ് നല്‍കിയ ഹര്‍ജിയിലാണ് കാക്കനാട് മജിസ്ട്രേറ്റ് കോടതി കര്‍ദിനാള്‍ അടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തിരുന്നത്. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, മുന്‍ ഫിനാന്‍സ് ഓഫീസര്‍ ഫാ. ജോഷി പുതുവ, ഇടനിലക്കാരന്‍ സാജുവര്‍ഗീസ് കുന്നേല്‍ എന്നിവര്‍ക്കെതിരെ ആയിരുന്നു നടപടി. തൃക്കാക്കരയിലെ 60 സെന്റ് ഭൂമി വില്‍പന നടത്തിയതിലെ ക്രമക്കേടിലായിരുന്നു കേസ്.

അതേസമയം കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ വ്യാജരേഖ ചമച്ച കേസില്‍ ഫാ. ടോണി കല്ലൂക്കാരനെ പ്രതി ചേര്‍ത്തു. കേസിലെ നാലാം പ്രതിയാണ് ഫാദര്‍ കല്ലൂക്കാരന്‍. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് തൃക്കാക്കര മജിസ്ട്രറ്റ് കോടതിക്ക് പോലീസ് കൈമാറി. നിലവില്‍ ഫാ. കല്ലൂക്കാരന്‍ ഒളിവിലാണ്. വ്യാജരേഖ സൃഷ്ടിച്ചതായി കണ്ടെത്തിയ തേവര സ്വദേശിയും കോന്തുരുത്തി പള്ളി ഇടവകാംഗവുമായ ആദിത്യയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കോന്തുരുത്തി മുന്‍ സഹവികാരി കൂടിയായ ടോണി കല്ലൂക്കാരനെ കേസില്‍ പ്രതിചേര്‍ത്തിട്ടുള്ളത്. അതേസമയം മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ടോണി കല്ലൂക്കാരന്‍ കോടതിയെ സമീപിച്ചു.

Top