തപാല്‍ വോട്ട് സൂക്ഷിക്കുന്നതില്‍ പെരിന്തല്‍മണ്ണയിൽ ഗുരുതര ഉദ്യാഗസ്ഥ വീഴ്ച; അന്വേഷണ റിപ്പോര്‍ട്ട്

മലപ്പുറം : പെരിന്തല്‍മണ്ണ നിയമസഭാ മണ്ഡലത്തിലെ സ്പെഷ്യല്‍ തപാല്‍ വോട്ടുകള്‍ സൂക്ഷിക്കുന്നതില്‍ ഉദ്യാഗസ്ഥര്‍ക്ക് ഗുരുതര വീഴ്ച വന്നെന്ന് അന്വേഷണ റിപ്പോര്‍ട്ട്. നാല് ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയ ജില്ലാ കളക്ടര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് നല്‍കി. നിര്‍ണായക സ്പെഷ്യല്‍ തപാല്‍ വോട്ടുകള്‍ നശിപ്പിക്കപ്പെട്ടു പോകാന്‍ പോലും സാധ്യയുണ്ടായിരുന്നെന്നാണ് വിലയിരുത്തൽ.

തര്‍ക്ക വിഷയമായ 348 സ്പെഷ്യല്‍ തപാല്‍ വോട്ടുകളടങ്ങിയ പെട്ടികള്‍ സൂക്ഷിക്കുന്നതില്‍ പെരിന്തല്‍മണ്ണ ട്രഷറി ഓഫീസര്‍ക്കും ഇത് മലപ്പുറത്തേക്ക് കൊണ്ടു വന്നതില്‍ സഹകരണ ജോയിന്റ് രജിസ്ട്രാര്‍ക്കും ഗുരുതര വീഴ്ചയുണ്ടായെന്നാണ് റിട്ടേണിങ് ഓഫീസര്‍ കൂടിയായ പെരിന്തല്‍മണ്ണ സബ് കലക്ടറുടെ അന്വേഷണറിപ്പോര്‍ട്ട്. ഇവരുള്‍പ്പെടെ നാല് ഉദ്യോഗസ്ഥരോടാണ് ജില്ലാ കലക്ടര്‍ കാരണം കാണിക്കല്‍ നോട്ടീസ് ആവശ്യപ്പെട്ടത്. ഉദ്യോഗസ്ഥരുടെ പിഴവുകള്‍ ഉള്‍പ്പെടെ വിശദീകരിച്ച് കലക്ടര്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പ് സാമഗ്രിയാണെന്ന ധാരണയില്‍ പെരിന്തല്‍മണ്ണയില്‍ നിന്നും മലപ്പുറത്ത് എത്തിച്ച സ്പെഷ്യല്‍ തപാല്‍ വോട്ടുകള്‍ നശിപ്പിക്കപ്പെട്ടു പോകാന്‍ വരെ സാധ്യതയുണ്ടായിരുന്നെന്നാണ് വിലയിരുത്തല്‍. സ്പെഷ്യല്‍ തപാല്‍ വോട്ടുകള്‍ ആദ്യം സൂക്ഷിച്ച പെരിന്തല്‍മണ്ണ ട്രഷറിയില്‍ തന്നെയായിരുന്നു പെരിന്തല്‍മണ്ണ ബ്ലോക്ക് തദ്ദേശ തെരഞ്ഞെടുപ്പ് വസ്തുക്കളും സൂക്ഷിച്ചത്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശ പ്രകാരം നശിപ്പിക്കാന്‍ വേണ്ടിയാണ് തദ്ദേശ തെര‍ഞ്ഞെടുപ്പ് സാമഗ്രികള്‍ പെരിന്തല്‍മണ്ണ ട്രഷറിയില്‍ നിന്നും നിന്നും മലപ്പുറത്തെ സഹകരണ ജോയിന്റ് രജിസ്റ്റാര്‍ ഓഫീസിലേക്ക് മാറ്റിയത്.

ഇങ്ങനെ മാറ്റിയ വസ്തുക്കളുടെ കൂട്ടത്തില്‍ നിയമസഭാ സ്പെഷ്യല്‍ തപാല്‍ വോട്ടുകളും തെറ്റായ ധാരണയില്‍ ഉള്‍പ്പെട്ടു പോയെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം. ഉദ്യോഗസ്ഥരുടെ ഭാഗത്ത് വന്ന അലംഭാവത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥര്‍ ഒപ്പിടാത്തതും ക്രമനമ്പറില്ലാത്തതും ചൂണ്ടിക്കാട്ടി എണ്ണാതെ മാറ്റിവെച്ച സ്പെഷ്യല്‍ തപാല്‍ വോട്ടുകള്‍ ഹൈക്കോടതി സംരക്ഷണയിലേക്ക് മാറ്റാന്‍ ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് പെട്ടികള്‍ ആദ്യം സൂക്ഷിച്ച സ്ഥലത്ത് കാണാതായത് ശ്രദ്ധയില്‍പ്പെട്ടത്.

Top