കൊച്ചി: ജഡ്ജിക്ക് നൽകാനെന്ന പേരിൽ സിനിമാ നിർമ്മാതാവിൽ നിന്നും കോഴ വാങ്ങിയ സംഭവത്തിൽ ഹൈക്കോടതി അഭിഭാഷകനെതിരെ ഗുരുതര കണ്ടെത്തൽ. മൂന്നു ജഡ്ജിമാരുടെ പേരിൽ അഭിഭാഷകൻ വൻതോതിൽ പണം കൈപ്പറ്റിയെന്നാണ് ഹൈക്കോടതി വിജിലൻസ് കണ്ടെത്തി.
ഒരു ജഡ്ജിയുടെ പേരിൽ മാത്രം 50 ലക്ഷം രൂപ ഇയാൾ വാങ്ങി. മറ്റു ജഡ്ജിമാരുടെ പേരിൽ 25 ലക്ഷവും, രണ്ടു ലക്ഷം രൂപ വീതവും വാങ്ങി. തെളിവുകൾ സഹിതം അഭിഭാഷകരാണ് ഇദ്ദേഹത്തിനെതിരെ ഹൈക്കോടതി വിജിലൻസിന് മൊഴി നൽകിയിട്ടുള്ളത്.
അഭിഭാഷകനെതിരെ അഡ്വക്കേറ്റ്സ് ആക്ട് പ്രകാരം നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി വിജിലൻസ് നിർദേശിച്ചു. അഭിഭാഷകർക്ക് അപ്പുറം വലിയ ബന്ധമാണ് ആരോപണ വിധേയനുള്ളത്. ആഢംബര ജീവിതമാണ് ഇയാൾ നയിച്ചിരുന്നത്. സിനിമാ നിർമ്മാതാവിന് പുറമേ, നിരവധി കക്ഷികളിൽ നിന്നും ഇയാൾ പണം വാങ്ങിയിട്ടുണ്ടെന്നാണ് വിവരം.
ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ നിർദേശപ്രകാരം പൊലീസ് ഇപ്പോൾ അഭിഭാഷകനെതിരെ അന്വേഷണം നടത്തി വരികയാണ്. സിറ്റി പൊലീസ് കമ്മീഷണർ നേരിട്ട് അന്വേഷണം നടത്താനാണ് ഡിജിപി നിർദേശം നൽകിയിട്ടുള്ളത്. സാക്ഷികളിൽ നിന്നും കമ്മീഷണർ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. അഭിഭാഷകനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത് അടക്കം കമ്മീഷണറുടെ അന്വേഷണത്തിന് ശേഷം തീരുമാനിക്കും.