പുറത്ത് വരുന്നത് ഗുരുതര ആരോപണങ്ങള്‍, മുഖ്യമന്ത്രി രാജിവെക്കണം ; വിഡി സതീശന്‍

നിയമസഭയില്‍ നിന്നും മുഖ്യമന്ത്രി ഒളിച്ചോടിയെന്ന ആരോപണവുമായി വി ഡി സതീശന്‍. രണ്ടു പ്രധാനപ്പെട്ട സ്ഥാപനങ്ങളുടെ ആരോപണങ്ങളാണ് മുഖ്യമന്ത്രിയെയും കുടുംബത്തിനെയും സംബന്ധിച്ച് പുറത്തുവന്നത്. മുഖ്യമന്ത്രി സ്ഥാനത്തിരക്കാന്‍ യോഗ്യനല്ല. ഗുരുതരമായ ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രിക്ക് മറുപടിയില്ല. നിയമസഭയില്‍ വന്നില്ല. പ്രതിപക്ഷമല്ല ഭരണപക്ഷമാണ് സഭാ നടപടികളെ തടസപ്പെടുത്തിയത്. പ്രതിപക്ഷത്തിന്റെ എല്ലാ ആവശ്യങ്ങളെയും അടിച്ചമര്‍ത്തുന്നു. മുഖ്യമന്ത്രി നടത്തിക്കൊണ്ടിരിക്കുന്നത് ആര്‍ത്തി പ്രഭാഷണങ്ങളാണ്. മുഖ്യമന്ത്രി രാജിവെക്കണമെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.

മുഖ്യമന്ത്രിക്കെതിരായി ഒന്നും സംസാരിക്കാന്‍ പാടില്ല. നിയമസഭയില്‍ മുഖ്യമന്ത്രി പച്ചക്കള്ളമാണ് പറഞ്ഞത്. വലിയ അഴിമതി ആണ് നടന്നത്. മുഖ്യമന്ത്രി അന്വേഷണം നേരിടണമെന്നും വി ഡി സതീശന്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെതിരായ എസ്എഫ്‌ഐഒ അന്വേഷണം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. ഇതോടെ പ്രതിപക്ഷം പ്രതിഷേധിച്ചു. നടുത്തളത്തിലിറങ്ങി പ്രതിപക്ഷാംഗങ്ങള്‍ പ്രതിഷേധിച്ചു. തുടര്‍ന്ന് സഭാ നടപടികള്‍ ബഹിഷ്‌കരിച്ച് വാക്കൗട്ട് നടത്തി.

നിയമസഭയില്‍ ചോദ്യോത്തര വേള തുടങ്ങിയതിന് പിന്നാലെയാണ് അടിയന്തര പ്രമേയം കൊണ്ടുവന്നത്. അടിയന്തര പ്രമേയത്തിന്റെ നോട്ടീസിനുപോലും അനുമതി നല്‍കാത്ത അസാധാരണ നടപടിയാണുണ്ടായതെന്ന് പ്രതിപക്ഷം ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്ന ആവശ്യമാണ് പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ചത്. മാത്യു കുഴല്‍നാടന്‍ എംഎല്‍എയാണ് അടിയന്തര പ്രമേയ നോട്ടീസ് കൊണ്ടുവന്നത്. പ്ലക്കാര്‍ഡുകളും ബാനറുകളുമേന്തിയാണ് പ്രതിപക്ഷം സഭയില്‍ പ്രതിഷേധിച്ചത്.

Top