സെറിഫെഡില്‍ നടന്നത് കേരളം കണ്ട ഏറ്റവും വലിയ തൊഴില്‍ കുംഭകോണം; ഹൈക്കോടതി

കൊച്ചി: കേരള സ്‌റ്റേറ്റ് സെറികള്‍ച്ചര്‍ കോഓപ്പറേറ്റീവ് അപെക്‌സ് സൊസൈറ്റിയിലെ (സെറിഫെഡ് ) അനധികൃത നിയമനം കേരളം കണ്ട ഏറ്റവും വലിയ തൊഴില്‍ കുംഭകോണമെന്ന് കേരളാ ഹൈക്കോടതി. നിയമനങ്ങളില്‍ സമഗ്രമായ അന്വേഷണം നടത്താനും കോടതി നിര്‍ദ്ദേശിച്ചു. സെറിഫെഡ് പുനര്‍ജ്ജീവിപ്പിക്കുന്നതിനുള്ള നടപടികള്‍ ആറ് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. സെറിഫെഡ് അടച്ചുപൂട്ടാനുള്ള സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്ത് ഫയല്‍ ചെയ്ത ഹര്‍ജികളിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

സെറിഫെഡിന്റെ തകര്‍ച്ചയിലേക്ക് നയിച്ചത് അനധികൃത നിയമനമാണെന്ന് കോടതി കണ്ടത്തി. അക്കൗണ്ടന്റ് ജനറല്‍, ധനകാര്യവകുപ്പ്, പ്ലാനിങ് ബോര്‍ഡ് എന്നിവയുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ നിഗമനം. മുന്നൂറോളം പേരെയാണ് സെറിഫെഡിലേക്ക് അനധികൃതമായി നിയമിച്ചത്.

സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്ത ഡയറക്ടര്‍ ബോര്‍ഡ് ജീവനക്കാര്‍ക്ക് നിയമവിരുദ്ധമായി നിയമനം നല്‍കുകയായിരുന്നു. ജില്ലകള്‍ തോറും ഓഫീസുകള്‍ തുറന്നായിരുന്നു നിയമനം. സെറിഫെഡ് പ്രതിസന്ധിയിലായപ്പോള്‍ 271 ജീവനക്കാരെ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലേക്ക് പുനര്‍വിന്യസിച്ചു. രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും അറിവോടെയാണ് ക്രമക്കേടുകള്‍ നടന്നതെന്നും ജസ്റ്റിസ് എന്‍ നഗരേഷ് നിരീക്ഷിച്ചു.

Top