ജോക്കോവിച്ചിന്റെ മികവില്‍ സെര്‍ബിയ ഡേവിസ് കപ്പ് സെമി ഫൈനലില്‍

മഡ്രിഡ്: തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിന്റെ പ്രകടനമികവില്‍ സെര്‍ബിയ ഡേവിസ് കപ്പിന്റെ സെമി ഫൈനലില്‍ പ്രവേശിച്ചു. ക്വാര്‍ട്ടറില്‍ കസാഖ്‌സ്താനെ മറികടന്നാണ് ജോക്കോവിച്ചും സംഘവും സെമി ഫൈനലിലേക്ക് ടിക്കറ്റെടുത്തത്.

സിംഗിള്‍സിലും ഡബിള്‍സിലും വിജയിച്ച ജോക്കോവിച്ച് സെര്‍ബിയയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. 2010-ല്‍ ഡേവിസ് കപ്പ് ചാമ്പ്യന്മാരായ സെര്‍ബിയ സെമിയില്‍ ക്രൊയേഷ്യയെ നേരിടും.

കഴിഞ്ഞ പത്തുവര്‍ഷമായി ഡേവിസ് കപ്പ് സിംഗിള്‍സില്‍ അപരാജിത കുതിപ്പ് നടത്തുന്ന ജോക്കോവിച്ച് ആദ്യ മത്സരത്തില്‍ കസാഖ്‌സ്താന്റെ അലക്‌സാണ്ടര്‍ ബബ്ലിക്കിനെ കീഴടക്കി. സ്‌കോര്‍: 6-3, 6-4.

34 കാരനായ ജോക്കോവിച്ച് ഡബിള്‍സില്‍ നിക്കോള സാസിച്ചിനൊപ്പം ചേര്‍ന്ന് കസാഖ്‌സ്താന്റെ ആന്ദ്രെ ഗൊലുബേവ്-അലക്‌സാണ്ടര്‍ നെദോവ്യേസോവ് സഖ്യത്തെ പരാജയപ്പെടുത്തി. സ്‌കോര്‍: 6-2, 2-6, 6-3. മൂന്ന് സെറ്റ് നീണ്ട ഉശിരന്‍ പോരാട്ടത്തിനൊടുവിലാണ് സെര്‍ബിയ മത്സരം സ്വന്തമാക്കിയത്.

ആദ്യ മത്സരത്തില്‍ സെര്‍ബിയുടെ മിയോമിര്‍ കെസ്മനോവിച്ചിനെ അട്ടിമറിച്ച് മിഖായില്‍ കുകുഷ്‌കിന്‍ കസാഖ്‌സ്താന് ലീഡ് സമ്മാനിച്ചിരുന്നു. എന്നാല്‍ പിന്നീടുള്ള മത്സരങ്ങളില്‍ വിജയിച്ച് സെര്‍ബിയ സെമി ഫൈനലിലേക്ക് മുന്നേറി

Top