വിഘടനവാദി നേതാവ് സയിദ് അലി ഷാ ഗിലാനി അന്തരിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ വിഘടനവാദി സംഘടനയായ ഹുറിയത്ത് കോണ്‍ഫറന്‍സ് അധ്യക്ഷനായിരുന്ന സയ്യിദ് അലി ഷാ ഗിലാനി അന്തരിച്ചു. 92 വയസായിരുന്നു. ശ്രീനഗറിലെ സ്വവസതിയില്‍ വച്ചായിരുന്നു വാര്‍ദ്ധക്യകാല രോഗങ്ങളെ തുടര്‍ന്നുളള ഗിലാനിയുടെ അന്ത്യം. വിവരം ഹുറിയത്ത് കോണ്‍ഫറന്‍സ് നേതാക്കളും സ്ഥിരീകരിച്ചു. ഏറെ നാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു ഗിലാനി. മൂന്ന് തവണ ജമ്മു കശ്മീര്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

സോപോറില്‍ നിന്നായിരുന്നു മൂന്നുതവണ എംഎല്‍എ ആയി തിരഞ്ഞെടുക്കപ്പെട്ടത്. കശ്മീരില്‍ ആക്രമണങ്ങള്‍ പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയം ഉപേക്ഷിച്ചത്.

1929 സെപ്തംബര്‍ 29ന് സോപോറില്‍ ജനിച്ച ഗിലാനി കടുത്ത വിഘടനവാദ ആശയഗതിക്കാരനായിരുന്നു. ഗിലാനിയുടെ മരണത്തെ തുടര്‍ന്ന് കാശ്മീര്‍ താഴ്‌വരയില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. മിക്ക കാര്യങ്ങളിലും തമ്മില്‍ വിയോജിപ്പുണ്ടായിരുന്നെങ്കിലും അദ്ദേഹത്തെ ബഹുമാനിച്ചിരുന്നതായി പിഡിപി നേതാവും ജമ്മുകാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായിരുന്ന മെഹബൂബ മുഫ്തി അനുശോചിച്ചു.

Top