സെന്തില്‍ ബാലാജിയുടെ മന്ത്രിസ്ഥാനം റദ്ദാക്കണം; ഹര്‍ജി നല്‍കി ദേശീയ മക്കള്‍ ശക്തി കക്ഷി

 

ചെന്നൈ: സെന്തില്‍ ബാലാജിയുടെ മന്ത്രിസ്ഥാനം റദ്ദാക്കണമെന്ന് ഹര്‍ജി നല്‍കി ദേശീയ മക്കള്‍ ശക്തി കക്ഷി. വകുപ്പില്ലാ മന്ത്രിയായി സെന്തിലിനെ നിലനിര്‍ത്തിയുള്ള സര്‍ക്കാര്‍ സ്‌പെഷ്യല്‍ ഉത്തരവ് റദ്ദാക്കണമെന്നവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കി. ജുഡീഷ്യല്‍ കസ്റ്റഡിലുള്ളയാള്‍ക്ക് മന്ത്രിസ്ഥാനത്ത് തുടരാനാകില്ലെന്ന വാദമുന്നയിക്കുന്ന ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.

ഇതിനിടെ, സെന്തില്‍ ബാലാജിയുടെ സഹോദരന്‍ അശോക് കുമാര്‍ ഇഡിക്ക് മുന്നില്‍ ഹാജരാകില്ല. വിദേശത്തായതിനാല്‍ ഹാജരാന്‍ സാധിയ്ക്കില്ലെന്ന് അശോക് കുമാര്‍ അറിയിച്ചു. അശോക് കുമാറിനോട് ഇഡിയും ആദായനികുതി വകുപ്പും ഹാജരാകാന്‍ നോട്ടിസ് അയച്ചിരുന്നു. അഭിഭാഷകന്‍ മുഖേനെയാണ് ഹാജരാകാന്‍ സാധിയ്ക്കില്ലെന്ന് അറിയിച്ചത്. ഒപ്പം, സെന്തില്‍ ബാലാജിയെ ചോദ്യം ചെയ്യാന്‍ സാധിച്ചില്ലെന്ന് ഇഡി കോടതിയില്‍ അറിയിച്ചു. ആരോഗ്യനില കണക്കിലെടുത്താണ് ചോദ്യം ചെയ്യല്‍ ആരംഭിക്കാത്തത്. ചെന്നൈ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ഇഡി ഇക്കാര്യം അറിയിച്ചത്. കൂടാതെ, കാവേരി ആശുപത്രിയില്‍ കഴിയുന്ന സെന്തില്‍ ബാലാജിയുടെ ബൈപ്പാസ് ശസ്ത്രക്രിയ നാളെ തന്നെ നടക്കും എന്ന് തമിഴ്‌നാട് ആരോഗ്യമന്ത്രി എം. എ. സുബ്രഹ്മണ്യം അറിയിച്ചു.

 

തമിഴ്‌നാട് വൈദ്യുതി എക്‌സൈസ് മന്ത്രി വി സെന്തില്‍ ബാലാജിയ്ക്ക് എതിരായ ഇ.ഡി അന്വേഷണവും നടപടിയും സുപ്രിം കോടതി അനുമതിയോടെയാണ് നടന്നത്. സെന്തില്‍ ബാലാജിയ്ക്ക് എതിരെ നടപടി എടുക്കാന്‍ സുപ്രിം കോടതി ഇ.ഡി യെ അനുവദിച്ചിരുന്നു. അഴിമതി വഴി പണം കൈപറ്റുന്നത് പണം കള്ളപ്പണം ആണെന്നാണ് സുപ്രിം കോടതി നിരിക്ഷണം. മേയ് 16നാണ് സെന്തില്‍ ബാലാജി നല്കിയ അപ്പീല്‍ സുപ്രിം കോടതി തള്ളിയത്. സെന്തില്‍ ബാലാജിയ്ക്ക് എതിരായ തെളിവുകള്‍ ഗൗരവ സ്വഭാവത്തിലുള്ളതാണെന്നാണ് സുപ്രിം കോടതി നിരിക്ഷണം. ജയലളിത സര്‍ക്കാരില്‍ മന്ത്രിയായിരിക്കെ കൈക്കൂലി വാങ്ങിയെന്നാണ് കേസ്.

 

Top