സെന്തില്‍ ബാലാജിയുടെ ആരോഗ്യനില ഗുരുതരം; അടിയന്തര ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍

ചെന്നൈ: ഇഡി അറസ്റ്റിന് പിന്നാലെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിക്ക് അടിയന്തര ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍. ആഞ്ജിയോഗ്രാം പരിശോധനയ്ക്ക് മന്ത്രിയെ വിധേയനാക്കിയെന്നും ഹൃദയധമനികളില്‍ മൂന്ന് ബ്ലോക്ക് കണ്ടെത്തിയെന്നും ഉടന്‍ ബൈപ്പാസ് സര്‍ജറിക്ക് വിധേയനാക്കണമെന്നും മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു.

അതിനിടെ, സെന്തില്‍ ബാലാജിയുടെ അറസ്റ്റിനെതിരെ ഭാര്യ ഹൈക്കോടതിയെ സമീപിച്ചു. ഇന്ന് ഉച്ചയ്ക്ക് തന്നെ ഹര്‍ജി പരിഗണിക്കും. അന്വേഷണവുമായി സഹകരിക്കുമെന്ന് പറഞ്ഞിട്ടും സെന്തില്‍ ബാലാജിയോട് ഇഡി മനുഷ്യത്വരഹിതമായി പെരുമാറിയതെന്തിനെന്ന് മുഖ്യമന്ത്രി സ്റ്റാലിന്‍ ചോദിച്ചു. 2024ല്‍ ബിജെപി പാഠം പഠിക്കുമെന്നും സ്റ്റാലിന്‍ ട്വിറ്ററില്‍ കുറിച്ചു.

സെന്തില്‍ ബാലാജിയുടെ അറസ്റ്റില്‍ ശക്തമായ പ്രതിഷേധമുയര്‍ത്തുകയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍. ബിജെപിയുടെ പ്രതികാര രാഷ്ട്രീയമായാണ് സെന്തില്‍ ബാലാജിയുടെ അറസ്റ്റിനെ പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്. മോദി സര്‍ക്കാരിന്റെ രാഷ്ട്രീയ വേട്ടയാടലാണ് നടക്കുന്നതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. എതിര്‍ക്കുന്നവരോട് പകപ്പോക്കുകയാണെന്നും പ്രതിപക്ഷത്തെ ഒരാളും ബിജെപിയുടെ ഭീഷണിക്ക് വഴങ്ങില്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ പറഞ്ഞു.

ഡിഎംകെക്കെതിരായ നടപടിയെ അപലപിച്ച പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഇഡി നീക്കം ബിജെപി നിരാശയിലാണെന്ന് തെളിയിക്കുന്നതാണ് പരിഹസിച്ചു. ജനാധിപത്യത്തിനും ഫെഡറിലസത്തിനും എതിരായ ആക്രമണം ഒന്നിച്ച് പ്രതിരോധിക്കണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു.

സെന്തില്‍ ബാലാജിയെ ആരോഗ്യസ്ഥിതി പരിഗണിക്കാതെ അറസ്റ്റ് ചെയ്തത് മനുഷ്യത്വരഹിതമെന്ന് ആം ആദ്മി പാര്‍ട്ടി പറഞ്ഞു. ഇഡിയുടെ പ്രവര്‍ത്തനം നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതാണെന്നും എഎപി വ്യക്തമാക്കി. അമിത് ഷായുടെ തമിഴ്‌നാട് സന്ദര്‍ശനം പൂര്‍ത്തിയായതിന് പിന്നാലെ ആണ് ഇഡി അതിക്രമം ആരംഭിച്ചതെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ ആരോപിച്ചു. ബിആര്‍എസ് നേതാക്കളും അന്വേഷണ ഏജന്‍സിയുടെ നടപടിയെ അപലപിച്ചു.

 

Top