രണ്‍ജിത് ശ്രീനിവാസന്‍ വധക്കേസില്‍ ശിക്ഷാ വിധി ഈ മാസം 30ന്

ആലപ്പുഴ: ആലപ്പുഴയില്‍ ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രണ്‍ജിത് ശ്രീനിവാസന്‍ വധക്കേസില്‍ ശിക്ഷാവിധി ഈ മാസം 30ന് പ്രഖ്യാപിക്കും. മാവേലിക്കര അഡീഷണല്‍ കോടതി ജഡ്ജി വിജി ശ്രീദേവിയാണ് ശിക്ഷ വിധിക്കുക. പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ പ്രവര്‍ത്തകരായ 15 പ്രതികളും കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞ ശനിയാഴ്ച കണ്ടെത്തിയിരുന്നു.

കനത്ത സുരക്ഷയോടെയാണ് പ്രതികളെ കോടതിയില്‍ എത്തിച്ചത്. 15 പ്രതികളില്‍ ഒരോരുത്തരേയും പ്രത്യേകമായി വിളിച്ചാണ് ജഡ്ജി വി ജി ശ്രീദേവി ശിക്ഷയെ കുറിച്ച് പ്രതികള്‍ക്ക് പറയാനുള്ളത് കേട്ടത്. കുടുംബത്തെ കുറിച്ചും ഭാവിയെ കുറച്ചുമുള്ള ആശങ്കളും ആരോഗ്യ പ്രശ്‌നങ്ങള്‍ സംബന്ധിച്ചുമാണ് ഭൂരിഭാഗം പേരും പറഞ്ഞത്. എന്നാല്‍ അഞ്ചാം പ്രതി സലാം പൊന്നാട് രണ്‍ജിത്ത് കേസിനെ തുടര്‍ന്ന് തന്നെ വീട്ടില്‍ നിന്ന് ഇറക്കി വിട്ടതായി കോടതിയെ അറിയിച്ചു. ശിക്ഷിക്കപ്പെട്ടാല്‍ തന്നെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റണമെന്നാണ് ആറാം പ്രതി അബ്ദുള്‍ കലാം ആവശ്യപ്പെട്ടത്.

പ്രതികള്‍ക്ക് പറയാനുള്ളത് കേട്ട കോടതി 15 പേരുടെയും സാമൂഹിക പശ്ചാത്തലം, ജയിലിലെ പെരുമാറ്റം, മാനസികാരോഗ്യ റിപ്പോര്‍ട്ട് എന്നിവ പരിഗണിച്ചു. 30 ന് ശിക്ഷ പ്രഖ്യാപിക്കുമെന്ന് കോടതി അറിയിച്ചതോടെ പ്രതികള്‍ക്ക് മനപരിവര്‍ത്തനത്തിനുള്ള അവസരം കൊടുക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. ശിക്ഷാ വിധി പ്രതീക്ഷിച്ച് രഞ്ജിത്ത് ശ്രീനിവാസന്റെ ഭാര്യയും അമ്മയും മക്കളും കോടതിയില്‍ എത്തിയിരുന്നു.

Top