സെന്‍സൊഡൈന്‍ പരസ്യങ്ങള്‍ക്ക് ഇന്ത്യയില്‍ വിലക്ക്

ന്യൂഡല്‍ഹി: ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയതിന്റെ പേരില്‍ പ്രമുഖ ടൂത്ത് പേസ്റ്റ് ബ്രാന്‍ഡായ സെന്‍സൊഡൈന്റെ പരസ്യങ്ങള്‍ക്ക് രാജ്യത്ത് വിലക്കേര്‍പ്പെടുത്തി. സെന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റിയുടേതാണ് (സിസിപിഎ) നടപടി.

ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണെന്നും 60 സെക്കന്റുകള്‍ക്കുള്ളില്‍ ഫലം കാണുമെന്നുമുള്ള വാഗ്ദാനങ്ങളില്‍ പരിശോധന നടത്തി 15 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ സിസിപിഎ ഡയറക്ടര്‍ ജനറല്‍ ഇന്‍വസ്റ്റിഗേഷന് നിര്‍ദ്ദേശം നല്‍കിയിട്ടുമുണ്ട്. ഓര്‍ഡര്‍ പുറപ്പെടുവിച്ച് ഏഴുദിവസത്തിനുള്ളില്‍ പരസ്യങ്ങള്‍ പിന്‍വലിക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്.

ഇന്ത്യയ്ക്ക് പുറത്തുള്ള ഡെന്റിസ്റ്റുകള്‍ പരസ്യത്തില്‍ സെന്‍സോഡൈന്‍ ഉത്പന്നങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന രീതിയില്‍ പ്രത്യക്ഷപ്പെടുന്നുവെന്നാണ് സിസിപിഎയുടെ കണ്ടെത്തല്‍. കൂടാതെ, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കിയതിനും വ്യാപാര മര്യാദകള്‍ പാലിക്കാത്തതിനും ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമായ നാപ്‌ടോളിനും സിസിപിഎ പിഴയിട്ടിട്ടുണ്ട്. പത്ത് ലക്ഷം രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്.

പരസ്യങ്ങളിലൂടെ ഉത്പന്നത്തെ കുറിച്ച് ഉപഭോക്താക്കളില്‍ തെറ്റിദ്ധാരണ പരത്തുന്നു എന്നതാണ് നാപ്‌ടോളിന് മേല്‍ ആരോപിച്ചിരിക്കുന്ന കുറ്റം. രണ്ട് സെറ്റ് സ്വര്‍ണാഭരണം, മാഗ്‌നറ്റിക് നീ സപ്പോര്‍ട്ട്, ആക്വാപ്രഷര്‍ യോഗാ സ്ലിപ്പര്‍ എന്നീ ഉത്പന്നങ്ങള്‍ക്കെതിരെയാണ് സിസിപിഎയുടെ കേസ്. നാപ്‌ടോളിന്റെ ഈ മൂന്ന് പരസ്യങ്ങളും ഇനി സംപ്രേഷണം ചെയ്യാന്‍ പാടില്ലെന്നും ഉത്തരവില്‍ പറയുന്നുണ്ട്.

Top