വിപണിയില്‍ കുതിപ്പ്; 550 പോയന്റ് നേട്ടത്തോടെ സെന്‍സെക്സ്

മുംബൈ: വ്യാപാര ആഴ്ചയിലെ രണ്ടാം ദിവസവും വിപണിയില്‍ കുതിപ്പ്. നിഫ്റ്റി 15,000വും സെന്‍സെക്‌സ് 50,000വും കടന്നു. 550 പോയന്റാണ് സെന്‍സെക്‌സിലെ നേട്ടം. നിഫ്റ്റിയാകട്ടെ 15,100 പിന്നിടുകയും ചെയ്തു.

കോവിഡ് ബാധിതരുടെ പ്രതിദിന കണക്കുകളില്‍ കുറവുണ്ടായതും രോഗം വിമുക്തിനിരക്ക് കുത്തനെ ഉയര്‍ന്നതുമാണ് വിപണിയില്‍ ആത്മവിശ്വാസമുണ്ടാക്കിയത്. ഇന്‍ഡസിന്‍ഡ് ബാങ്ക്, ബജാജ് ഫിനാന്‍സ്, ആക്‌സിസ് ബാങ്ക്, എസ്ബിഐ, എച്ച്ഡിഎഫ്‌സി ബാങ്ക്, ബജാജ് ഓട്ടോ, ഐസിഐസിഐ ബാങ്ക്, പവര്‍ഗ്രിഡ് കോര്‍പ്, എല്‍ആന്‍ഡ്ടി, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്‌സി, ഏഷ്യന്‍ പെയിന്റ്‌സ്, സണ്‍ ഫാര്‍മ, ടെക് മഹീന്ദ്ര, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടൈറ്റാന്‍, ഡോ.റെഡ്ഡീസ് ലാബ്, ബജാജ് ഫിന്‍സര്‍വ്, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.

സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി മെറ്റല്‍ സൂചിക 2.2ശതമാനം നേട്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ യഥാക്രമം 1.5ശതമാനവും ഒരുശതമാനവും ഉയര്‍ന്നു.

ടാറ്റ മോട്ടോഴ്‌സ്, കാനാറ ബാങ്ക്, ആരതി ഇന്‍ഡസ്ട്രീസ്, അബോട്ട് ഇന്ത്യ, ടോറന്റ് ഫാര്‍മ, റൂട്ട് മൊബൈല്‍ തുടങ്ങി 35 കമ്പനികളാണ് മാര്‍ച്ച് പാദത്തിലെ പ്രവര്‍ത്തനഫലം ചൊവാഴ്ച പുറത്തുവിടുന്നത്.

 

Top