സെന്‍സെക്സില്‍ 100 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: കഴിഞ്ഞയാഴ്ചയിലെ തുടര്‍ച്ചയായ നേട്ടത്തിന്റെ ദിനങ്ങള്‍ക്കൊടുവില്‍ വ്യാപാര ആഴ്ചയുടെ ആദ്യദിനം സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 100 പോയന്റ് താഴ്ന്ന് 59,958ലും നിഫ്റ്റി 23 പോയന്റ് നഷ്ടത്തില്‍ 17,872ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണിയിലെ നഷ്ടമാണ് പ്രാധാനമായും രാജ്യത്തെ സൂചികകളില്‍ പ്രതിഫലിച്ചത്.

പ്രതീക്ഷക്കൊത്തുയരാത്ത പ്രവര്‍ത്തനഫലം പുറത്തുവിട്ടതോടെ ടിസിഎസിന്റെ ഓഹരി വില ആറുശതമാനത്തോളം ഇടിഞ്ഞു. 2021 സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ 9,624 കോടി രൂപയാണ് കമ്പനിയുടെ അറ്റാദായം. വാര്‍ഷികാടിസ്ഥാനത്തില്‍ 14.1ശതമാനമാണ് വര്‍ധന.

ആക്‌സിസ് ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, ഭാരതി എയര്‍ടെല്‍, ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികളും നഷ്ടത്തിലാണ്. പവര്‍ഗ്രിഡ്, മാരുതി, എന്‍ടിപിസി, കൊട്ടക് മഹീന്ദ്ര ബാങ്ക്, റിലയന്‍സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഇന്‍ഡസിന്‍ഡ് ബാങ്ക്, എച്ച്ഡിഎഫ്‌സി, ടൈറ്റാന്‍, എച്ച്ഡിഎഫ്‌സി ബാങ്ക്, ബജാജ് ഓട്ടോ, ടാറ്റ സ്റ്റീല്‍, എസ്ബിഐ തുടങ്ങിയ ഓഹരികളില്‍ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

ഐടി സൂചികയാണ് നഷ്ടത്തില്‍ മുന്നില്‍. മൂന്നുശതമാനം താഴ്ന്നു. ഓട്ടോ, മെറ്റല്‍, ഓയില്‍ ആന്‍ഡ് ഗ്യാസ് സൂചികകള്‍ ഒരുശതമാനത്തോളം നേട്ടത്തിലാണ്.

 

Top