കോര്‍പറേറ്റ് നികുതിയില്‍ ഇളവ്; സെന്‍സെക്‌സ് കുതിച്ചുയര്‍ന്ന് 1607 പോയിന്റില്‍ എത്തി

ന്യൂഡല്‍ഹി: ഇന്ത്യന്‍ വിപണിയിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ റാലിയാണ് കഴിഞ്ഞ ഏതാനും മണിക്കൂറുകളായി ഓഹരി വിപണിയില്‍ സംഭവിച്ചത്. പത്തരയോടെ കോര്‍പ്പറേറ്റ് നികുതിയില്‍ ഇളവു വരുത്തിയതായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചതോടെ വിപണിയില്‍ വന്‍ മുന്നേറ്റമാണ് ഉണ്ടായത്.

സെന്‍സെക്സ് 1607 പോയന്റ് കുതിച്ച് 37701 ലും നിഫ്റ്റി 423 പോയന്റ് ഉയര്‍ന്ന് 11128ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. പത്തുവര്‍ഷത്തിനിടയിയില്‍ ഒരൊറ്റ ദിവസം കൊണ്ട് ഏറ്റവും മികച്ച നേട്ടമാണ് നിഫ്റ്റി സ്വന്തമാക്കിയത്. നിഫ്റ്റിയുടെ വിപണി മൂലധനം 2.5 ലക്ഷം കോടി രൂപ ഉയര്‍ന്നു.

വിപണി കുതിച്ചതോടെ 1445 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലായി. 538 ഓഹരികള്‍മാത്രമാണ് നഷ്ടത്തില്‍.

ഓട്ടോ ഓഹരികളില്‍ മാരുതി സുസുകി 3.4 ശതമാനവും ഹീറോ മോട്ടോര്‍കോര്‍പ് 3 ശതമാനവും എംആന്റ്എം 2.6 ശതമാനവും ടാറ്റമോട്ടോഴ്സ് 2.2 ശതമാനവും ഉയര്‍ന്നു.

യെസ് ബാങ്ക് 6 ശതമാനം കുതിച്ചു. താജ് ജിവികെ ഹോട്ടല്‍സ് ആന്റ് റിസോര്‍ട്ട് അഞ്ച് ശതമാനവും ലീല വെഞ്ച്വര്‍ 3.5 ശതമാനവും ഇന്ത്യ ഹോട്ടല്‍സ് 1.7 ശതമാനവും നേട്ടമുണ്ടാക്കി.

ധനമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിനു ശേഷം ഐടി സെക്ടര്‍ ഒഴികെ എല്ലാ കമ്പനികളുടെ ഓഹരികളിലും വന്‍ കുതിച്ചു ചാട്ടമാണ് ഉണ്ടായിരിക്കുന്നത്‌. ഐടി സെക്ടറിനു കാര്യമായ നേട്ടം ധനമന്ത്രിയുടെ പ്രഖ്യാപനത്തില്‍ ഇല്ല. വന്‍കിട കമ്പനികളുടെ ഓഹരികളില്‍ മികച്ച മുന്നേറ്റമാണ് ഇപ്പോള്‍ വിപണിയില്‍ പ്രകടമാകുന്നത്.

Top