ഓഹരി വിപണികള്‍ കൂപ്പുകുത്തി; 6 ദിവസം കൊണ്ട് സെന്‍സെക്‌സിന് 2850 പോയന്റ് നഷ്ടം

മുംബൈ: രാജ്യത്തെ ഓഹരി സൂചികകള്‍ കൂപ്പുകുത്തി. ഇത് ആറാമത്തെ ദിവസമാണ് വിപണിയില്‍ നഷ്ടം തുടരുന്നത്. രണ്ടാംഘട്ട കോവിഡ് വ്യാപന ഭീതിയും യുഎസിലെ പുതിയ ഉത്തേജന പാക്കേജ് സംബന്ധിച്ച അനിശ്ചിതത്വവും വിപണിയെ പിടിച്ചുകുലുക്കി. ഇതോടെ സെന്‍സെക്സ് 1,118.82 പോയന്റ് തകര്‍ന്ന് 36,553.60 നിലവാരത്തിലെത്തി. നിഫ്റ്റിയാകട്ടെ 326.40 പോയന്റ് നഷ്ടത്തില്‍ 10,805.50ലേയ്ക്കു കൂപ്പുകുത്തുകയും ചെയ്തു.

30 പ്രധാന ഓഹരികളടങ്ങിയ സെന്‍സെക്സില്‍ ഹിന്ദുസ്ഥാന്‍ യുണിലിവര്‍, നെസ്‌ലെ എന്നിവ മാത്രമാണ് നേട്ടത്തില്‍. മാരുതി സുസുകി, ഇന്‍ഡസിന്റ് ബാങ്ക്, ടാറ്റ സ്റ്റീല്‍, ബജാജ് ഫിനാന്‍സ്, ടിസിഎസ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്നിവ മൂന്നു മുതല്‍ അഞ്ചു ശതമാനം വരെ നഷ്ടത്തിലായി.

കോവിഡിന്റെ രണ്ടാംഘട്ട വ്യാപനം, യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്, യുഎസ് ഉത്തേജക പാക്കേജ് സംബന്ധിച്ച അനിശ്ചിതത്വം എന്നിവ നിക്ഷേപകരെ വിപണിയില്‍ നിന്ന് അകറ്റി. അവര്‍ ഓഹരികള്‍ വിറ്റ് സുരക്ഷിത ഇടംതേടി.

Top