സെന്‍സെക്സിന് 433 പോയന്റ് നഷ്ടമായി

മുംബൈ: കനത്ത ചാഞ്ചാട്ടത്തിനൊടുവില്‍ മൂന്നാമത്തെ ദിവസവും സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. ഓട്ടോ, മെറ്റല്‍, ഐടി, ഫാര്‍മ, റിയാല്‍റ്റി ഓഹരികളിലെ വില്പന സമ്മര്‍മാണ് സൂചികകളെ ബാധിച്ചത്.

സെന്‍സെക്സ് 433.05 പോയന്റ് നഷ്ടത്തില്‍ 59,575.28ലും നിഫ്റ്റി 133.90 പോയന്റ് താഴ്ന്ന് 17,764.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. വിപണിയില്‍ ലിസ്റ്റ് ചെയ്ത പേടിഎം നിക്ഷേപകരെ നിരാശപ്പെടുത്തി. ഇഷ്യുവിലയില്‍നിന്ന് ഒമ്പതുശതമാനം താഴ്ന്ന് 1,950ലായിരുന്നു ലിസ്റ്റിങ്. ഒടുവില്‍ 27.3ശതമാനം നഷ്ടത്തില്‍ 1,564 നിലവാരത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ടാറ്റ മോട്ടോഴ്സ്, ടെക് മഹീന്ദ്ര, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എച്ച്സിഎല്‍ ടെക്നോളജീസ്, എല്‍ആന്‍ഡ്ടി തുടങ്ങിയ ഓഹരികളും നഷ്ടം നേരിട്ടു. എസ്ബിഐ, പവര്‍ഗ്രിഡ് കോര്‍പ്, എച്ച്ഡിഎഫ്സി ബാങ്ക്, ഐഒസി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമായിരുന്നു.

ഓട്ടോ, മെറ്റല്‍ സൂചികകള്‍ക്ക് രണ്ടുശതമാനം വീതം നഷ്ടമായി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ 1.5ശതമാനംവീതം താഴുകയും ചെയ്തു. മൂന്നുദിവസങ്ങളിലായി 1.082 പോയന്റാണ് സെന്‍സെക്സിന് നഷ്ടമായത്. ഗുരുനാനാക് ജയന്തി പ്രമാണിച്ച് ഓഹരി വിപണിക്ക് വെള്ളിയാഴ്ച അവധിയാണ്.

 

Top