സെന്‍സെക്സിന് 314 പോയന്റ് നഷ്ടമായി

മുംബൈ: മൂന്നാം ദിവസവും സൂചികകള്‍ക്ക് നേട്ടമുണ്ടാക്കാനായില്ല. റിയാല്‍റ്റി, ഓയില്‍ ആന്‍ഡ് ഗ്യാസ്, ഫാര്‍മ ഓഹരികളിലെ വില്പന സമ്മര്‍ദം സൂചികകളെ ബാധിച്ചു. നിഫ്റ്റി 17,900ന് താഴെയെത്തി.

സെന്‍സെക്സ് 314.04 പോയന്റ് നഷ്ടത്തില്‍ 60,008.33ലും നിഫ്റ്റി 100.50 പോയന്റ് താഴ്ന്ന് 17,898.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. രാജ്യത്തെ റേറ്റിങ് ഫിച്ച് താഴ്ത്തിയതും ഐപിഒ വിപണിയില്‍ കൂടുതല്‍ സുതാര്യത കൊണ്ടുവരുന്നതിന്റെ ഭാഗമായി വ്യവസ്ഥകളില്‍ മാറ്റംവരുത്താനുള്ള സെബിയുടെ തീരുമാനവുമാണ് സൂചികളെ ബാധിച്ചത്.

യുപിഎല്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ആക്സിസ് ബാങ്ക്, ബ്രിട്ടാനിയ, ഐഒസി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. എസ്ബിഐ ലൈഫ്, ഏഷ്യന്‍ പെയിന്റ്സ്, മാരുതി സുസുകി, ടാറ്റ മോട്ടോഴ്സ്, പവര്‍ഗ്രിഡ് കോര്‍പ് തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കുകയും ചെയ്തു.

 

Top