ഇന്ത്യൻ ഓഹരി വിപണി ഉയരങ്ങള്‍ കീഴടക്കുന്നു ; സെന്‍സെക്‌സ് 35,476.70 നിലയിലെത്തി

sensex

മുംബൈ: വ്യാപാരത്തില്‍ പുതിയ ചരിത്രവുമായി ഓഹരി വിപണി ഉയരങ്ങളിലേയ്ക്ക്. വ്യാപാരം തുടങ്ങി മിനിറ്റുകള്‍ക്കകം സെന്‍സെക്‌സ് 394.88 പോയിന്റ് നേട്ടത്തോടെ 35,476.70 എന്ന നിലയിലെത്തി.

ഡിസംബര്‍ 26ന് 34,000 പിന്നിട്ട സൂചിക ഇന്നലെ 35,000 പിന്നിട്ടതോടെ ഓഹരി നിക്ഷേപകര്‍ ഏകദേശം മൂന്നു ലക്ഷം കോടി രൂപയുടെ നേട്ടമാണ് നേടിയതെന്ന്‌ ഓഹരി വിപണി വിദഗ്ധര്‍ പറയുന്നു. സെന്‍സെക്‌സിനൊപ്പം 50 മുന്‍നിര ഓഹരികളുടെ ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 98.55 പോയിന്റുയര്‍ന്ന് 10,887 ല്‍ എത്തിയിട്ടുണ്ട്.

യെസ് ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, എസ്ബിഐ, ആക്‌സിസ് ബാങ്ക്, കോട്ടക് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഓഹരികള്‍ മികച്ച നേട്ടത്തിലാണ്. സെന്‍സെക്‌സില്‍ ഓഹരികള്‍ രേഖപ്പെടുത്തിയ കമ്പനികളുടെ ഓഹരിവിപണനമൂല്യം 151.39 കോടിയില്‍ നിന്ന് 154.78 ലക്ഷം കോടിയിലേക്ക് ഉയര്‍ന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.

34,000ത്തില്‍ നിന്ന് 35,000ത്തിലേക്കുള്ള സെന്‍സെക്‌സ് ഉയര്‍ച്ചയില്‍ റിലയന്‍സ് കമ്യൂണിക്കേഷന്‍ കൂടുതല്‍ നേട്ടം കൊയ്തു. 40 ശതമാനം നേട്ടത്തോടെ ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍ഡ് പവര്‍ രണ്ടാമതെത്തി. ഡോളറിനെതിരെ രൂപയുടെ മൂല്യവും ഉയര്‍ന്നു.

ഡോളറിനെതിരെ രൂപ രണ്ടു പൈസയുടെ നേട്ടത്തില്‍ 63.86 രൂപ എന്ന നിലയിലാണ് രാവിലെ വ്യാപാരം നടന്നത്. ഏഷ്യന്‍ വിപണികളില്‍ ഹോങ്കോങ്ങിലെ ഹാങ് സെങ്, ജപ്പാനിലെ നിക്കെ ഓഹരികള്‍ യഥാക്രമം 0.41, 0.46 ശതമാനം നേട്ടമുണ്ടാക്കിയപ്പോള്‍ ചൈനയിലെ ഷാങ്ഹായ് സൂചിക 0.32 ഉയര്‍ന്നു.

Top