സെന്‍സെക്സ് 569 പോയന്റ് കുതിച്ച് 61,306ല്‍ ക്ലോസ്‌ ചെയ്തു

മുംബൈ: ആറാമത്തെ ദിവസവും റെക്കോഡ് ഉയരംകുറിച്ച് ഓഹരി സൂചികകള്‍ ക്ലോസ്‌ ചെയ്തു. ഐടി കമ്പനികളായ ഇന്‍ഫോസിസിന്റെയും വിപ്രോയുടെയും മികച്ച പ്രവര്‍ത്തനഫലങ്ങളാണ് വിപണിക്ക് കരുത്തായത്.

പ്രതീക്ഷിച്ചതിലും വേഗത്തില്‍ സമ്പദ്ഘടന തിരുച്ചുവരുമെന്ന പ്രതീക്ഷയും സെന്‍സെക്‌സിനെ 61,000നും നിഫ്റ്റിയെ 18,300നും മുകളിലെത്തിച്ചു. ഉപഭോക്തൃ വില സൂചികയോടൊപ്പം മൊത്തവില സൂചികയും താഴ്ന്നത് നിക്ഷേപകരില്‍ ആത്മവിശ്വാസമുയര്‍ത്തി. ആഗോള വിപണികളില്‍നിന്നുള്ള സൂചനകളും കൂടിയായപ്പോള്‍ വ്യാപാരദിനത്തിലുടനീളം നേട്ടം നിലനിര്‍ത്താന്‍ വിപണിക്കായി.

568.90 പോയന്റ് നേട്ടത്തില്‍ സെന്‍സെക്‌സ് 61.305.95ലും നിഫ്റ്റി 176.70 പോയന്റ് ഉയര്‍ന്ന് 18,338.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഐആര്‍സിടിസി(11%), അദാനി പോര്‍ട്‌സ്(7%), വിപ്രോ (5.4%), ഗ്രാസിം(4.7%) തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.

ഓട്ടോ ഒഴികെയുള്ള സൂചികകള്‍ നേട്ടമുണ്ടാക്കി. ഇന്‍ഫ്ര, ഐടി, റിയാല്‍റ്റി, പൊതുമേഖല ബാങ്ക്, പവര്‍, മെറ്റല്‍ സൂചികകള്‍ ഒരുശതമാനത്തിലേറെ ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ 0.5ശതമാനത്തിലേറെ നേട്ടമുണ്ടാക്കുകയും ചെയ്തു. ബിഎസ്ഇയില്‍ ലിസ്റ്റ്‌ ചെയ്ത ഓഹരികളുടെ മൊത്തം വിപണിമൂല്യം 273 ലക്ഷം കോടി മറികടുന്നു.

 

Top