സെന്‍സെക്‌സ് ഇതാദ്യമായി 48,000 കടന്നു, നിഫ്റ്റിയിലെ നേട്ടം 114.40 പോയന്റ്

മുംബൈ: റെക്കോർഡ് നേട്ടത്തോടെ മുന്നേറി ഓഹരി സൂചികകൾ. സെന്‍സെക്‌സിൽ 307.82 പോയന്റ് നേട്ടത്തിൽ 48,176.80 ലും നിഫ്റ്റി 114.40 പോയന്റ് ഉയര്‍ന്ന് 14,132.90ലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇയിലെ 2061 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 973 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.158 ഓഹരികള്‍ക്ക് മാറ്റമില്ല. രണ്ട് കോവിഡ് വാക്‌സിനുകള്‍ക്ക് രാജ്യത്ത് അംഗീകാരം നല്‍കിയതാണ് വിപണിയ്ക്ക് കരുത്തായത്. നിര്‍മാണമേഖലയിലെ പിഎംഐ ഉയര്‍ന്നതും ദലാള്‍ സ്ട്രീറ്റിലെ നിക്ഷേപകപ്പടയെ ഉത്തേജിപ്പിച്ചു.

ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ, ഐഷര്‍ മോട്ടോഴ്‌സ്, ഒഎന്‍ജിസി, ടിസിഎസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഹീറോ മോട്ടോര്‍കോര്‍പ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ബജാജ് ഫിനാന്‍സ്, അദാനി പോര്‍ട്‌സ്, ഏഷ്യന്‍ പെയിന്റ്‌സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ലോഹം, ഐടി, വാഹനം, ഫാര്‍മ തുടങ്ങിയ സെക്ടറല്‍ സൂചികകള്‍ നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ ഒരുശതമാനത്തോളം ഉയര്‍ന്നു.

Top