സെന്‍സെക്സ് 283 പോയന്റ് നഷ്ടത്തില്‍ ക്ലോസ്‌ ചെയ്തു

മുംബൈ: മൂന്നുദിവസത്തെ നേട്ടത്തിനൊടുവില്‍ ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ്‌ ചെയ്തു. നിഫ്റ്റി 15,700ന് താഴെയെത്തി. ഉയര്‍ന്ന നിലവാരത്തിലെത്തിയപ്പോള്‍ നിക്ഷേപകര്‍ വ്യാപകമായി ലാഭമെടുത്തതാണ് വിപണിയെ സമ്മര്‍ദത്തിലാക്കിയത്. രാജ്യത്തെ വളര്‍ച്ചാ അനുമാനം 13.9ശതമാനത്തില്‍നിന്ന് 9.6ശതമാനമായി മൂഡീസ് കുറച്ചതും നിക്ഷേപകരുടെ ആത്മവിശ്വാസം കെടുത്തി.

സെന്‍സെക്‌സ് 282.63 പോയന്റ് താഴ്ന്ന് 52,306.08ലും നിഫ്റ്റി 85.80 പോയന്റ് നഷ്ടത്തില്‍ 15,687ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. അദാനി പോര്‍ട്‌സ്, വിപ്രോ, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ഡിവീസ് ലാബ്, എല്‍ആന്‍ഡ്ടി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്.

മാരുതി സുസുകി, ടൈറ്റാന്‍ കമ്പനി, ബജാജ് ഫിന്‍സര്‍വ്, ഒഎന്‍ജിസി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കുകയും ചെയ്തു. ഓട്ടോ ഒഴികെയുളള സൂചികകള്‍ സമ്മര്‍ദം നേരിട്ടു. നിഫ്റ്റി മെറ്റല്‍ സൂചിക ഒരുശതമാനവും ഐടി 0.87ശതമാനവും നഷ്ടത്തിലാണ് ക്ലോസ്‌ ചെയ്തത്. ഡോളറിനെതിരെ രൂപയുടെ മൂല്യം നേരിയ നേട്ടത്തില്‍ 74.28ലാണ് ക്ലോസ്‌ ചെയ്തത്. 74.16-74-39 നിലവാരത്തിലായിരുന്നു വ്യാപാരം നടന്നത്.

 

Top