സെന്‍സെക്സ് 50,000ന് താഴെ ക്ലോസ് ചെയ്തു

sensex

മുംബൈ: മികച്ച നേട്ടത്തോടെ തുടങ്ങിയ സൂചികകള്‍ കനത്ത ചാഞ്ചാട്ടത്തിനൊടുവില്‍ നേരിയ നേട്ടത്തോടെ ക്ലോസ് ചെയ്തു. ഫ്യൂച്ചര്‍ ആന്റ് ഓപ്ഷന്‍സ് കരാറുകളുടെ കാലാവധി തീരുന്ന ദിവസമായിരുന്നു.

സെന്‍സെക്‌സ് 32.10 പോയന്റ് നേട്ടത്തില്‍ 49,765.94ലിലും നിഫ്റ്റി 30.40 പോയന്റ് ഉയര്‍ന്ന് 14,849.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. രാവിലത്തെ വ്യാപാരത്തിനിടെ സെന്‍സെക്‌സ് 50,000വും നിഫ്റ്റി 15,000വും കടന്നിരുന്നു.
ബിഎസ്ഇയിലെ 1376 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1505 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 176 ഓഹരികള്‍ക്ക് മാറ്റമില്ല.

ജെഎസ്ഡബ്ലിയു സ്റ്റീല്‍, ടാറ്റ സ്റ്റീല്‍, ബജാജ് ഫിന്‍സര്‍വ്, ബജാജ് ഫിനാന്‍സ്, ഹിന്‍ഡാല്‍കോ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഹീറോ മോട്ടോര്‍കോര്‍പ്, ഐഷര്‍ മോട്ടോഴ്‌സ്, ബജാജ് ഓട്ടോ, എച്ച്ഡിഎഫ്‌സി, എച്ച്‌സിഎല്‍ ടെക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

മെറ്റല്‍ സൂചിക 4.5ശതമാനം നേട്ടമുണ്ടാക്കി. ഓട്ടോ, പൊതുമേഖല ബാങ്ക് സൂചികകള്‍ ഒരുശതമാനത്തോളം നഷ്ടത്തിലായി. കാര്യമായ നേട്ടമില്ലാതെയാണ് ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ വ്യാപാരം അവസാനിപ്പിച്ചത്.
ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ വര്‍ധനവുണ്ടായി. 32 പൈസയുടെ വര്‍ധനവോടെ 74.04ലിലാണ് ക്ലോസ് ചെയ്തത്.

 

Top