സെന്‍സെക്സ് 453 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ഒരിക്കല്‍ക്കൂടി റീട്ടെയില്‍ നിക്ഷേപകര്‍ കരുത്തുതെളിയിച്ചു. വിപണി അതിന്റെ റെക്കോഡ് കുതിപ്പ് തുടര്‍ന്നു. ഓട്ടോ, ഐടി, മെറ്റല്‍, ഇന്‍ഫ്ര ഓഹരികള്‍ സൂചികകളെ വീണ്ടും റെക്കോഡ് ഉയരത്തിലെത്തിച്ചു. സെന്‍സെക്‌സ് 452.74 പോയന്റ് നേട്ടത്തില്‍ 60,737.05ലും നിഫ്റ്റി 169.80 പോയന്റ് ഉയര്‍ന്ന് 18,161.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഉപഭോക്തൃ വില സൂചിക എട്ടുമാസത്തെ താഴ്ന്ന നിലവാരമായ 4.35ശതമാനത്തിലെത്തിയതും വ്യവസായികോത്പാദനത്തില്‍ വര്‍ധനവുണ്ടായതുമാണ് വിപണി നേട്ടമാക്കിയത്. നടപ്പ് സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ച 9.5ശതമാകുമെന്ന ഐഎംഎഫിന്റെ വിലയിരുത്തലും വിപണിക്ക് തുണയായി.

ടാറ്റ മോട്ടോഴ്‌സ് 20ശതമാത്തിലേറെ നേട്ടമുണ്ടാക്കി. കമ്പനിയുടെ ഓഹരി വില 507 നിലവാരത്തിലെത്തി. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ടസ്, പവര്‍ ഗ്രിഡ് കോര്‍പ്, ഐടിസി തുടങ്ങിയ ഓഹരികളും നേട്ടമുണ്ടാക്കി. മാരുതി സുസുകി, ഒഎന്‍ജിസി, കോള്‍ ഇന്ത്യ, എസ്ബിഐ ലൈഫ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.

ഓട്ടോ സൂചിക 3.5ശതമാനം ഉയര്‍ന്നു. എനര്‍ജി, ഇന്‍ഫ്ര, ഐടി, മെറ്റല്‍, പവര്‍, ക്യാപിറ്റല്‍ ഗുഡ് സൂചികകള്‍ ഒരുശതമാനം വീതവും. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ യഥാക്രമം 0.6ശതമാനവും 1.5ശതമാനവും നേട്ടമുണ്ടാക്കി.

 

Top