സെന്‍സെക്സ് 209 പോയന്റ് നേട്ടത്തില്‍ ക്ലോസ്‌ ചെയ്തു

Sensex gains

മുംബൈ: മൂന്നു ദിവസം നീണ്ട സമ്മര്‍ദത്തില്‍ നിന്ന് പുറത്തുകടന്ന് വിപണി. ഐടി, മെറ്റല്‍, ധനകാര്യ ഓഹരികളുടെ മുന്നേറ്റത്തില്‍ നിഫ്റ്റി 15,750ന് മുകളിലെത്തി. സെന്‍സെക്‌സ് 209.36 പോയന്റ് നേട്ടത്തില്‍ 52,653.07ലും നിഫ്റ്റി 69.10 പോയന്റ് ഉയര്‍ന്ന് 15,778.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ആഗോള വിപണിയിലെ വില്പന സമ്മര്‍ദത്തിന് അറുതി വന്നതാണ് രാജ്യത്ത വിപണിയിലും പ്രതിഫലിച്ചത്. മറ്റ് ഏഷ്യന്‍ വിപണികളും നേട്ടമുണ്ടാക്കി. ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍, ബജാജ് ഫിന്‍സര്‍വ്, എസ്ബിഐ, ജെഎസ്ഡബ്ല്യു സ്റ്റീല്‍ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. മാരുതി സുസുകി, പവര്‍ഗ്രിഡ്, ബജാജ് ഓട്ടോ, ഐടിസി, കോള്‍ ഇന്ത്യ തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.

മെറ്റല്‍ സൂചിക അഞ്ച് ശതമാനമാണ് നേട്ടമുണ്ടാക്കിയത്. ഐടി, പൊതുമേഖല ബാങ്ക് സൂചികകള്‍ 1-3ശതമാനം ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ യഥാക്രമം 0.4-0.9ശതമാനം നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. എഫ്എംസിജി സൂചിക ഒരുശതമാനം താഴുകയും ചെയ്തു. ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ 9 പൈസയുടെ നേട്ടമുണ്ടായി. 74.28ലായിരുന്നു ക്ലോസിങ്.

 

Top