സെന്‍സെക്സില്‍ 145 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടക്കം നഷ്ടത്തോടെയായിരുന്നെങ്കിലും നേട്ടം തിരിച്ചുപിടിച്ച് വിപണി. തുടര്‍ച്ചയായി മൂന്നാമത്തെ ദിവസമാണ് സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്യുന്നത്. സെന്‍സെക്‌സ് 145.29 പോയന്റ് ഉയര്‍ന്ന് 55,582.58ലും നിഫ്റ്റി 33.90 പോയന്റ് നേട്ടത്തില്‍ 16,563ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. മെറ്റല്‍, ഓയില്‍ ആന്‍ഡ് ഗ്യാസ് ഓഹരികളിലെ കുതിപ്പാണ് നേട്ടത്തിനുപിന്നില്‍.

ആഗോള വിപണികളിലെ നഷ്ടം ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചെങ്കിലും മൊത്തവില സൂചിക താഴ്ന്നത് ഒരുപരിധിവരെ ആശ്വാസമായി. ദുര്‍ബലമായ ചെനീസ് ഇക്കണോമിക് ഡാറ്റയും ആഗോളതലത്തില്‍ കോവിഡ് വ്യാപിക്കുന്നതുമാണ് വിദേശ വിപണികളെ ബാധിച്ചത്. ജൂണ്‍ പാദത്തില്‍ മികച്ച പ്രവര്‍ത്തനഫലം കമ്പനികള്‍ പുറത്തുവിട്ടതാണ് മെറ്റല്‍ ഓഹരികള്‍ നേട്ടമാക്കിയത്.

ടാറ്റ സ്റ്റീല്‍, ബജാജ് ഫിനാന്‍സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഐഒസി, ബ്രിട്ടാനിയ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. മാരുതി സുകുസി, ശ്രീ സിമെന്റ്‌സ്, പവര്‍ഗ്രിഡ് കോര്‍പ്, ബജാജ് ഓട്ടോ, ഐഷര്‍ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

നിഫ്റ്റി മെറ്റല്‍ സൂചിക ഒരുശതമാനം നേട്ടമുണ്ടാക്കി. ഓട്ടോ, ബാങ്ക്, ഫാര്‍മ, ഐടി സൂചികകള്‍ വില്പന സമ്മര്‍ദംനേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

 

Top